കോഴിക്കോട് : പുത്തൻ പ്രചാരണ അടവുകളും കൊട്ടിക്കലാശവും നിശബ്ദ പ്രചാരണവും പൂർത്തിയാക്കി വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ജില്ലയിൽ 2,533,024 വോട്ടർമാരാണുള്ളത്. 5985 പേരാണ് ഇത്തവണ വിവിധ തലങ്ങളിലായി ജനവിധി തേടുന്നത്. നിശബ്ദ പ്രചാരണ ദിനമായ ഇന്നലെയും ശക്തമായി പ്രചാരണമാണ് നടന്നത്. വിവാഹ, മരണ വീടുകൾ കവലകൾ തുടങ്ങി ആളുകൾ കൂടുന്ന എല്ലായിടത്തും സ്ഥാനാർത്ഥികളെത്തി.
പാർട്ടി പ്രവർത്തകർ വോട്ടർ സ്ലിപ്പുകൾ വിതരണം പൂർത്തിയാക്കിയും വോട്ടിംഗ് മെഷീനിൽ ചിഹ്നം പരിചയപ്പെടുത്തിയും വീടുകൾ കയറി വോട്ടുറപ്പിച്ചു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഫോണിൽ വിളിച്ചും സ്ഥാനാർത്ഥികൾ വോട്ട് ചോദിച്ചു.
കോട്ട നിലനിർത്താൻ എൽ.ഡി.എഫും ലോക്സഭ തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ യു.ഡി.എഫും അട്ടിമറി നടത്താൻ എൻ.ഡി.എയും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്.
ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ , മുനിസിപ്പാലിറ്റി വാർഡുകളിലും ഡിവിഷനുകളിലും ത്രികോണ മത്സരത്തിനാണ് കളം ഒരുങ്ങിയത്. ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ എൽ.ഡി.എഫ് - യു.ഡി.എഫ് നേർക്ക് നേർ പോരാട്ടമാണ്.
കോഴിക്കോട് കോർപ്പറേഷനിൽ കഴിഞ്ഞ തവണത്തെ മികച്ച നേട്ടം ആവർത്തിക്കാനുകമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ ഇത്തവണ ഇടതുകോട്ട തകർക്കുമെന്ന് യു.ഡി.എഫും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുക്കുമെന്ന് എൻ.ഡി.എയും ഉറപ്പിച്ച് പറയുന്നു.
75ൽ 48 സീറ്റ് നേടി കഴിഞ്ഞ തവണ ഭരണത്തിലെത്തിയ എൽ.ഡി.എഫിന് ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ എൽ.ജെ.ഡി മുന്നണിയിൽ എത്തിയതോടെ ഭൂരിപക്ഷം മൂന്നിൽ രണ്ടായി. കേവല ഭൂരിപക്ഷത്തിന് 38 സീറ്റാണ് വേണ്ടത്. 2015ൽ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിനായിരുന്നു നേട്ടം. 70ൽ 48ലും ഭരണം നേടിയാണ് എൽ.ഡി.എഫ് മുന്നേറ്റമുണ്ടാക്കിയത്. 22 പഞ്ചായത്തുകളുടെ ഭരണമാണ് യു.ഡി.എഫ് നേടിയത്. എൽ.ജെ.ഡിയുടെ വരവോടെ ചില പഞ്ചായത്തുകളിൽ കൂടി എൽ.ഡി.എഫ് ഭരണത്തിലെത്തിയിരുന്നു. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും വൻ മുന്നേറ്റമാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിനുണ്ടായത്.