പേരാമ്പ്ര: നിശബ്ദ പ്രചാരണം കഴിഞ്ഞ് നാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ശക്തമായ പ്രചാരണത്തിലൂടെ എൽ.ഡി.എഫ് ,യു.ഡി.എഫ് ,എൻ.ഡി.എ മുന്നണികൾ മലയോരത്ത് ഉൾപ്പെടെ ഉജ്വല വിജയം നേടാനുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു മാസം ലഭിച്ചതിനാൽ സ്ഥാനാർത്ഥികൾക്ക് വോട്ടർമാർക്കിടയിൽ സ്വാധീനമുറപ്പാക്കാൻ കഴിഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും മേഖലയുടെ വികസനത്തിന് സാദ്ധ്യമായ മാർഗങ്ങൾ വിഭാവനം ചെയ്യുന്നതിനും സഹായമായെന്ന് മുന്നണികൾ വിലയിരുത്തുന്നു. വാർഡുകൾ, ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിൽ ശക്തമായ പ്രചാരണ മുന്നേറ്റമാണ് ഓരോ മുന്നണികളും നടത്തിയത്. എൽ.ഡി.എഫ് ഭരിക്കുന്ന പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ, കായണ്ണ ,നൊച്ചാട് ,മേപ്പയ്യൂർ ചെറുവണ്ണൂർ എന്നിവിടങ്ങളിലെല്ലാം വൻ ഭൂരിപക്ഷം ഓരോ മുന്നണിയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെട്ട ചങ്ങരോത്ത് പഞ്ചായത്ത് കൂടി പിടിച്ചെടുത്ത് സമ്പൂർണ വിജയം കൈവരിക്കകയെന്ന ലക്ഷ്യത്തിലാണ് എൽ. ഡി.എഫ് പ്രചാരണം. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടിന്റെ വ്യത്യാസത്തിന് ഭരണം നഷ്ടപ്പെട്ട ചങ്ങരോത്ത് ഉൾപ്പെടെയുള്ള വൻ ഭൂരിപക്ഷത്തോടെ തിരിച്ചുവരാനുള്ള ഒരുക്കമാണ് യു.ഡി.എഫ് നടത്തിയത്. മേപ്പയ്യൂർ, നൊച്ചാട് പഞ്ചായത്തുകളിൽ ചില സീറ്റുകൾ തങ്ങൾക്കനുകൂലമാക്കി മാറ്റാനുള്ള പ്രചാരണമായിരുന്നു എൻ.ഡി.എയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.