mizoram-elections

കോഴിക്കോട് :തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം സുഗമമാക്കുന്നതിനും വോട്ടെടുപ്പ് വിവരങ്ങൾ വേഗത്തിൽ ജില്ലാതലത്തിൽ ലഭ്യമാക്കാനും പോൾ മാനേജർ ആപ്ലിക്കേഷൻ പ്രവർത്തനം തുടങ്ങി. വോട്ടെടുപ്പ് ദിവസവും അതിന് മുമ്പത്തെ ദിവസവും ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാനാണ് മൊബൈൽ ആപ്പായ പോൾ മാനേജർ ഒരുക്കിയിരിക്കുന്നത്. ആപ്പിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള 21 ചോദ്യാവലികളാണുള്ളത്.

വോട്ടെടുപ്പിന്റെ ഓരോ ഘട്ടവും അതിവേഗത്തിൽ ജില്ലാതല കൺട്രോൾ റൂമിൽ പോൾ മാനേജർ ആപ്ലിക്കേഷൻ വഴിയാണ് അറിയിക്കുക. പോളിംഗ് സാമഗ്രികൾ സ്വീകരിച്ച നിമിഷം മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രത്തിൽ എത്തുന്നത് വരെയുള്ള ഓരോ മണിക്കൂർ ഇടവിട്ടുള്ള വിവരങ്ങളും ഇതിൽ അപ്‌ഡേറ്റ് ചെയ്യും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ പോൾ മാനേജർ പോർട്ടൽ വഴി തിരഞ്ഞെടുപ്പ് പുരോഗതികൾ വിലയിരുത്തും.

പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കായി പോൾ മാനേജർ ആപ്പും റിട്ടേണിംഗ് ഓഫീസർമാർക്കായി പോർട്ടൽ സംവിധാനവുമാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനായി സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് റിട്ടേണിംഗ് ഓഫീസർമാർക്ക് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താം. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് പോൾ മാനേജർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനായി 11 പേരടങ്ങിയ ടീം പ്രവർത്തിക്കുന്നു.