kerala-women-police

നാദാപുരം: നാദാപുരം മേഖലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കാനായി പൊലീസ് കനത്ത സുരക്ഷയൊരുക്കി. ഇവിടെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നിസാര പ്രശ്‌നങ്ങൾ പോലും അക്രമസംഭവങ്ങളായി മാറാറുണ്ട്.

ഇത്തരം സംഭവങ്ങൾ കണക്കിലെടുത്താണു സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ മറ്റു ജില്ലകളിൽ നിന്നടക്കമുള്ള പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നാദാപുരം ഡി.വൈ.എസ്.പി. പി.സി. സജീവന്റെ മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

നാദാപുരം പൊലീസ് പരിധിയിൽ 120 ബൂത്തുകളും വളയം പൊലീസ് പരിധിയിൽ 70 ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകളായാണ് കണക്കാക്കായിട്ടുള്ളത്. വിലങ്ങാട് ഭാഗത്തുള്ള 6 ബൂത്തുകൾ മാവോവാദി ഭീഷണി നേരിടുന്നതായും കണക്കാക്കിലുണ്ട്. നാദാപുരം സ്റ്റേഷൻ പരിധിയിൽ പത്തും വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലും പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തി. കൂടാതെ പൊലീസിന്റെ മൊബൈൽ യൂണിറ്റുകളും കർശന പരിശോധന നടത്തും. ബൂത്തുകളും പരിസരങ്ങളും പൊലീസിന്റ വീഡിയോ ചിത്രീകരണം നടത്തും. കൂടാതെ സ്‌ട്രൈക്കിംഗ് ടീമുകളും മേഖലകളിൽ സുരക്ഷ ഉറപ്പാക്കും. മാവോവാദി ഭീഷണിയുള്ളതായി കണക്കാക്കുന്ന ബൂത്തുകളിൽ തണ്ടർ ബോൾട്ട് കമാന്റുകളെയും വിന്യസിച്ചിട്ടുണ്ട്.