election-

കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിലും മിക്കയിടത്തും നിയന്ത്രണങ്ങൾ കടലാസിലൊതുങ്ങി. സാമൂഹിക അകലം പാലിക്കാനായി മാർക്ക് ചെയ്ത ഒരു മീറ്റര്‍ അകലമൊന്നും വോട്ടർമാർ ഗൗനിച്ചതേയില്ല. കൊവിഡിനെ ഭയന്ന് നേരത്തെ വോട്ട് ചെയ്ത് മടങ്ങാമെന്ന ഉദ്ദേശത്തോടെ എത്തിയവരെല്ലാം ഒരേ സമയത്തായതിനാൽ വലിയ തിരക്കാണ് പോളിംഗ് കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. വോട്ടിംഗ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടു. പയ്യാനക്കല്‍ ജി.വി.എച്ച്.എസ്.എസ്,നടുവട്ടം ജി.യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ തിരക്ക് രൂക്ഷമായിരുന്നു. മൂന്ന് വാര്‍ഡുകളിലുമായി എട്ട് ബൂത്തുകളാണ് പയ്യാനക്കല്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്. മാറാട്, ബേപ്പൂര്‍ വാര്‍ഡുകളിലുള്ളവര്‍ക്ക് എട്ട് ബൂത്തകളാണ് നടുവട്ടം സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഒട്ടുമിക്ക വോട്ടര്‍മാരും രാവിലെ തന്നെ എത്തിയതോടെ സ്‌കൂളുകള്‍ വോട്ടര്‍മാരെ കൊണ്ടു നിറഞ്ഞു. ഒരേ സമയം ഇത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലാത്തതിനാല്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടു. പൊലീസ് ഇടപ്പെട്ട് സാമൂഹിക അകലം ഉറപ്പിക്കാന്‍ നോക്കിയെങ്കിലും നൂറുകണക്കിന് പേര്‍ എത്തിയതിനാല്‍ ഫലം കണ്ടില്ല. മലയോര മേഖലയിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് രോഗികള്‍ക്ക് വൈകീട്ട് വോട്ട് ചെയ്യാന്‍ സൗകര്യം ഏർപ്പെടുത്തിയതും തിരക്ക് കൂടാൻ കാരണമായി. അതേസമയം വോട്ട് ചെയ്യാനെത്തിയവർ മാസ്‌ക് ധരിച്ചതും വോട്ടിംഗിന് മുമ്പും ശേഷവും സാനിറ്റെസര്‍ ഉപയോഗിച്ചതുമാണ് ആശ്വാസം.