കോഴിക്കോട്: ഏറാമല ഗ്രാമപഞ്ചായത്തിൽ തോൽക്കാത്ത മുന്നണിയില്ല. എന്നാൽ, മൂന്നര പതിറ്റാണ്ടായി തോൽവി അറിയാത്ത ഒരാളുണ്ട്; എൺപത്തിയെട്ടുകാരനായ തെയ്യത്താം കണ്ടിയിൽ കണാരൻ എന്ന നാട്ടുകാരുടെ കണാരേട്ടൻ. എല്ലാ തിരഞ്ഞെടുപ്പിലും സ്വന്തം ബൂത്തിലെ ആദ്യ വോട്ടർ എന്ന ബഹുമതി സ്വന്തമാക്കും. കൊവിഡ് കാലമായിട്ടും വിട്ടുകൊടുത്തില്ല. ആ റെക്കോഡ് തകർക്കാൻ പലരും ശ്രമിച്ചെങ്കിലും കണാരേട്ടന് പിന്നിൽ നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ.
35 വർഷമായി ബൂത്തിലെ ആദ്യവോട്ടറാവുക എന്നത് വാശിപോലെ ഹരവുമാണ്. തലയിലൊരു കെട്ടും മുഖത്ത് മാസ്കും കൈയിൽ സാനിറ്റൈസർ കുപ്പിയുമായി ഇന്നലെ പുലർ
ച്ചെ അഞ്ചു മണിയോടെ അദ്ദേഹം കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂളിലെത്തിയിരുന്നു. കൃത്യം ഏഴിന് ആദ്യവോട്ടിട്ടു.
ഒന്നാം ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയശേഷം ചെറുചിരിയോടെ മഴി പുരട്ടിയ കൈവിരൽ ഉയർത്തിക്കാട്ടി പരിചയക്കാരോട് പറഞ്ഞു... ഇനി നിയമസഭയ്ക്ക് കാണാം...
ഇതുവരെ ഇടതുപക്ഷത്തിനു മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് തുറന്നുപറയുന്ന അദ്ദേഹത്തിന് ഇത്തവണ ഏറാമലയുടെ ഭരണം ആർക്കെന്ന കാര്യത്തിൽ അത്ര ഉറപ്പ് പോരാ. കടുത്ത പോരല്ലേ. ആര് പാസ്സാവുമെന്ന് കാത്തിരുന്ന് കാണാം എന്നു മറുപടി.
രാഷ്‌ട്രീയം പറയാനാണെങ്കിൽ ഏതു നേരത്തും റെഡി. കോലീബി പരീക്ഷണം, എൽ.ജെ.ഡിയുടെ മുന്നണിമാറ്റങ്ങൾ, ആർ.എം.പി.ഐയുടെ ഉദയം ... അങ്ങനെ ചരിത്രത്തിലേക്കു ഊളിയിടാനും മടിയില്ല.