poll

കോഴിക്കോട്: ലോക്‌സഭയിൽ യു.ഡി.എഫ്, നിയമസഭയിലേക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും എൽ.ഡി.എഫ്, ഏറെക്കാലമായി ഇതായിരുന്നു കോഴിക്കോടിന്റെ തിരഞ്ഞെടുപ്പ് സമവാക്യം.

കൊവിഡ് വ്യാപന സാഹചര്യത്തിലും മികച്ച പോളിംഗാണ് ജില്ലയിലും ഉണ്ടായത്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവടങ്ങളിലേക്കെല്ലാം ഉണ്ടായ കനത്ത പോളിംഗ് ഗുണകരമാകുമെന്നാണ് മൂന്ന് മുന്നണികളും ഒരേസ്വരത്തിൽ അവകാശപ്പെടുന്നത്.

കൊവിഡ് ഭീതി ഉള്ളതിനാൽ അതിരാവിലെ തന്നെ വോട്ട് ചെയ്ത് മടങ്ങുകയെന്ന ലക്ഷ്യത്തോടെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചെത്തി. ഇതോടെ രാവിലെ മുതൽ ഉച്ചവരെ വലിയ തിരക്കാണുണ്ടായത്. ഉച്ചയ്ക്ക് ശേഷം അൽപം മന്ദഗതിയിലായെങ്കിലും വൈകീട്ടോടെ വീണ്ടും തിരക്ക് കൂടി. സ്വർണക്കള്ളക്കടത്ത്, അഴിമതി, കേന്ദ്ര ഏജൻസികളുടെ അന്വേഷണം, യു.ഡി.എഫ് - വെൽഫെയർപാർട്ടി സഖ്യം, കർഷകസമരം, ഇന്ധന വിലവർദ്ധനവ് തുടങ്ങിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ സജീവമായിരുന്നു.

വികസനവും ഭരണനേട്ടങ്ങളുമായിരുന്നു എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണം. കൂട്ടിയും കിഴിച്ചും തള്ളിനീക്കുന്ന ഒരു ദിവസത്തിന് ശേഷം ഫലം വരുമ്പോൾ ഇടതുകോട്ടയായി കോഴിക്കോട് നിലനിൽക്കുമോ അതോ യു.ഡി.എഫ് മുന്നേറുമോ എന്ന ഉത്തരത്തിന് കാത്തിരിക്കുകയാണ് പാർട്ടികൾ. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളിലൂന്നി ശക്തമായ പ്രചാരണം നടത്തിയ ബി.ജെ.പി കരുത്തുകാട്ടുമെന്ന ഉറച്ച പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.

എൽ.ജെ.ഡിയുടെയും കേരളാ കോൺഗ്രസ് എമ്മിന്റെയും എൽ.ഡി.എഫ് പ്രവേശവും യു.ഡി.എഫ് - വെൽഫെയർപാർട്ടി സഖ്യവും ഇരുമുന്നണികൾക്കും എത്രത്തോളം നേട്ടമുണ്ടാക്കുമെന്നാണ് കോഴിക്കോട് ഉത്തരം തേടുന്ന രാഷ്ട്രീയ ചോദ്യം. കോർപ്പറേഷനിൽ ഉൾപ്പെടെ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ബി.ജെ.പിയുടെ പ്രകടനം നഗര ഭാഗങ്ങളിൽ നിർണായകമാണ്.