കൽപ്പറ്റ: സ്ത്രീകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന അതിക്രമം തടയാൻ സംസ്ഥാന തലത്തിൽ ഓൺലൈൻ സംവിധാനം ആരംഭിച്ചു. ഇ മെയിൽ വഴി നൽകുന്ന പരാതികൾ പൊലീസ് ആസ്ഥാനത്ത് നിന്ന് വിലയിരുത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. aparajitha.pol@kerala.gov.in എന്ന ഇ മെയിൽ വിലാസം വഴി ലഭിക്കുന്ന പരാതികൾ അതാത് പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് നൽകുകയാണ് ചെയ്യുക.
സൈബർ സെൽ, ഹൈടെക്ക് സെൽ, സൈബർ ഡോം, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവയുടെ സഹായത്തോടെയാവും തുടരന്വേഷണം. ഓൺലൈനിലൂടെ ഓരോ ആഴ്ചയും സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടുന്ന സമിതി നേരിട്ട് കേസിന്റെ അന്വേഷണം വിലയിരുത്തും. ജില്ാ ആസ്ഥാനങ്ങളിലുള്ള വനിതാ സെൽ ഇൻസ്‌പെക്ടർമാർക്കാണ് ഈ സംവിധാനത്തിന്റെ ചുമതല. ഓരോ സ്റ്റേഷനിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അതിക്രമം നടത്തുന്നവർക്കെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം 'അപരാജിത' യുടെ ഇമെയിലിലേക്ക് ഉടൻ തന്നെ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവി എ.പൂങ്കുഴലി അറിയിച്ചു.