ഗൂഡല്ലൂർ : ചേരങ്കോടിന് സമീപം ആനപ്പള്ളത്ത് അച്ഛനെയും മകനെയും കാട്ടാനകൊലപ്പെടുത്തിയിട്ടും വനം വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയും രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലർ കൊളപ്പള്ളി ടാൻ ടീ പത്താം നമ്പർ പാടിയിൽ ആനന്ദ്രാജ് (55), മകൻ പ്രശാന്ത് (20) എന്നിവർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുവരെയും വീടിന് സമീപത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്. വനം, പൊലീസ്, റവന്യു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്കൊടുവിൽ ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
വോളിബോൾ കളിക്കാരനായ പ്രശാന്ത് കളി കഴിഞ്ഞ് വൈകീട്ട് ആറേകാലോടുകൂടിയാണ് വീട്ടിലേക്ക് മടങ്ങിയത്. വീട്ടിനടുത്ത് എത്തിയപ്പോഴാണ് വീട്ടുകാർ നോക്കിനിൽക്കെ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. പ്രശാന്തിനെ കൊലപ്പെടുത്തിയ ശേഷം കാട്ടാന പിന്തിരിഞ്ഞ് വഴിയെ തന്നെ പോയി. ഈ സമയം വീട്ടിലേക്ക് വരുകയായിരുന്ന ആനന്ദ്‌രാജിനെയും ആന ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് ആന ശല്യമുണ്ടായിട്ടും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നാട്ടുകാർ സമ്മതിച്ചില്ല. പിന്നീട് കലക്ടറും ഉന്നതവനപാലകരും സ്ഥലത്തെത്താമെന്ന ഉറപ്പിൻമേലാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിച്ചത്.
ഡി.എം.കെയുടെ പ്രദേശിക നേതാവും ടാൻ ടീ എസ്റ്റേറ്റിലെ തൊഴിലാളിയുമാണ് ആനന്ദ് രാജ്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഇന്നലെ പന്തല്ലൂർ താലൂക്കിൽ ഹർത്താൽ നടത്തി. കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ട ആളുടെ കുടുംബത്തിലെ ഒരംഗത്തിന് ജോലിയും നഷ്ടപരിഹാരവും നൽകണമെന്നുമാവശ്യപ്പെട്ടുകൊണ്ട് ചേരങ്കോട്, പന്തല്ലൂർ പ്രദേശത്തെ ആളുകൾ റോഡ് ഉപരോധിച്ചു.
വിവിധ പാർട്ടി നേതാക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി ഫോറസ്റ്റ് കൺസർവേറ്റർ അൻവറുദ്ദീൻ, എസ്.പി. ശശിമോഹൻ, ഡി.ആർ.ഒ.നിർമ്മല,ഡിവൈ.എസ്.പി അമീർ അഹമ്മദ്, ഡി.എഫ്.ഒ കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിൽ നടന്ന മൂന്നാം വട്ട ചർച്ചയിലാണ് തീരുമാനമായത്.
വൈകിട്ട് ഏഴ് മണിയോടെ ബന്ധുക്കൾ മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി.
കൊല്ലപ്പെട്ട ആനന്ദ് രാജിന്റെ ഭാര്യയ്ക്ക് ജോലി നൽകാമെന്നും നഷ്ടപരിഹാര തുക ഇപ്പോൾ ഉള്ള മൂന്ന് ലക്ഷത്തിൽ നിന്നും നാല് ലക്ഷമായി വർദ്ധിപ്പിച്ച് നൽകാമെന്നും കൂടാതെ മുഖ്യ മന്ത്രിയുടെ ഫണ്ടിൽ നിന്ന് ഒരു ലക്ഷവും കൂടെ കൂട്ടി ഒരാൾക്ക് അഞ്ച് ലക്ഷം രുപ വീതം നൽകാമെന്നും, ശല്യക്കാരനായ കാട്ടനെയെ ഉൾവനത്തിലേക്ക് തുരത്താമെന്നുമുള്ള ഉറപ്പിലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
ചർച്ചയിൽ എം.എൽ.എ ദ്രാവിഡമണി,വിവിധ പാർട്ടികളുടെ നേതാക്കളായ അനസ്,രമേശ്, കാപ്പ്ലിങ്ക, പാണ്ഡിരാജ്, അൻവർ അലി,വ്യാപാരി സംഘടന പ്രതിനിധി അഷറഫ് എന്നിവർ പങ്കെടുത്തു.
കാട്ടാനയെ തുരത്താൻ കുങ്കിയാന എത്തി
ഗുഡല്ലൂർ: ചേരങ്കോടിന് സമീപം ആനപ്പള്ളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടാനയെ വനത്തിലേക്ക് തന്നെ തുരത്തുന്നതിനായി കുങ്കിയാനയെ കൊണ്ടുവന്നു. മുതുമല ആനതാവളത്തിൽ നിന്നാണ് പരിശീലനം നേടിയ കുങ്കിയാനയെ ഇന്നലെ രാവിലെ ആനപ്പള്ളത്ത് എത്തിച്ചത്. അച്ഛനെയും മകനെയും കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപത്തായി തന്നെ കൊലയാളി ആന നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനെ ഉൾവനത്തിലേക്ക് തന്നെ തിരികെ കയറ്റുന്നതിനായി വനപാലകസംഘം ശ്രമം തുടങ്ങി. കുങ്കിയാനയുടെ സഹായത്തോടെയാണ് കാട്ടാനയെ തുരത്തുന്നത്.
രണ്ട് ദിവസം മുമ്പാണ് മറ്റൊരാളെ ചേരങ്കോട് വെച്ച് കാട്ടാന കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇവിടെ നാല്‌പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്.
ഫോട്ടോ--ആനന്ദ് രാജ്
ഫോട്ടോ--പ്രശാന്ത്
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ആനന്ദ് രാജ്, പ്രശാന്ത്
ഫോട്ടോ--ഉപരോധം
കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും മരണപ്പെട്ടതിനെ തുടർന്ന് രോഷാകുലരായ ജനങ്ങൾ റോഡ് ഉപരോധിക്കുന്നു
ഫോട്ടോ--കുങ്കി
കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ലോറിയിൽ കൊണ്ട് വരുന്നു