
 രണ്ട് പൊലീസ് ജീപ്പുകൾ തകർത്തു
നാദാപുരം: കല്ലാച്ചി തെരുവൻപറമ്പിൽ പൊലീസിനു നേരെ യു.ഡി.എഫ് പ്രവർത്തകരുടെ അക്രമം. സംഭവത്തിൽ സി.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് പല തവണ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. കല്ലേറിൽ രണ്ട് പൊലീസ് ജീപ്പുകളുടെ ചില്ലുകൾ തകർന്നു. വാണിമേൽ - കല്ലാച്ചി റോഡ് ഒരു മണിക്കൂറോളം സംഘർഷവേദിയായി മാറുകയായിരുന്നു. പലരും ഭയന്ന് വോട്ട് ചെയ്യാതെ വീടുകളിലേക്ക് മടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം. തെരുവൻപറമ്പ് ചീയ്യൂർ എൽ.പി സ്കൂൾ ബൂത്തിന് സമീപം കൂട്ടം കൂടി നിന്ന യു.ഡി.എഫ് പ്രവർത്തകരോട് സ്ഥലത്ത് നിന്ന് പിരിഞ്ഞ് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ അങ്ങാടിയിലെ കടകൾ അടക്കാൻ പൊലീസ് നിർദ്ദേശിച്ചു. തുടർന്ന് പൊലീസുമായുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതിനിടെ കല്ലേറ് തുടങ്ങി. ലാത്തിവീശി വിരട്ടി ഓടിക്കാനുള്ള ശ്രമം വിഫലമായതോടെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ നാദാപുരം സി.ഐ എൻ.സുനിൽ കുമാർ, എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ മാരായ ശ്രീജേഷ്, സുധീർ ബാബു.സിവിൽ പൊലീസ് ഓഫീസർമാരായ സരിഷ് കുമാർ, സുരേന്ദ്രൻ എന്നിവർ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന്റെ തുടക്കത്തിൽ രണ്ട് പൊലീസ് ജീപ്പുകളിലായി എസ്.ഐ അടക്കം ആറ് പൊലീസുകാരേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. പിന്നീട് ഡിവൈ.എസ്.പി. കെ.കെ സജീവന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
സംഘർഷത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകൻ ചാത്തോത്ത് അജീഷിന് മർദ്ദനമേറ്റു. ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.