പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 11 ാം വാർഡിലെ 1,2 ബൂത്തുകൾ പ്രവർത്തിക്കുന്ന പുറ്റംപൊയിലിൽ മദ്റസയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.
ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് സംഘർഷമുണ്ടായത്. ബൂത്തിന് പുറത്തെ മുന്നണി പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
പേരാമ്പ്ര പൊലീസ് എ.എസ്.ഐ എ.പി. രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇരു വിഭാഗത്തെയും പിരിച്ചു വിട്ടു. വടകര ഡിവൈഎസ് പി എ.കെ. ഷാജി, പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ കെ. സുമിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ സേന സ്ഥലത്തെത്തി.
കനത്ത പൊലീസ് കാവലിൽ വോട്ടിംഗ് നടപടികൾ പൂർത്തിയാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് ഇരു ഭാഗത്തുമായി തമ്പടിച്ചിരുന്ന പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു.പോളിംഗ് പൂർത്തിയായതിനു ശേഷം 6.30 ഓടെ വീണ്ടും ഇരു വിഭാഗവും സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ പരിച്ചു വിടുകയും ചെയ്തു. പ്രദേശത്ത് സംഘർഷ സാധ്യത തുടരുന്നതിനാൽ പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തി.