കൊടിയത്തൂർ: കള്ളവോട്ടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. എൽ ഡി.എഫ് പ്രവർത്തകൻ അഡ്വ.ഇർഫാൻ കൊളായിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും വെൽഫെയർ പാർട്ടി പ്രവർത്തകരായ ഷാമിൽ, ഷമീം എന്നിവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അദ്ധ്യാപകനായ അനസ് കാരാട്ട് 16-ാം വാർഡിൽ വോട്ട് ചെയ്ത ശേഷം ഒന്നാം വാർഡിൽ വോട്ടു ചെയ്യാൻ എത്തിയപ്പോൾ വിവരം പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കാൻ ചെന്ന ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫിനെ യു.ഡി.എഫ് - വെൽഫയർ പാർട്ടി പ്രവർത്തകർ തടഞ്ഞതോടെയായിരുന്നു സംഘർഷം. ഈ വിഷയത്തിൽ ഇടപെട്ട അഡ്വ. ഇർഫാൻ കൊളായിയെ പിന്നീട് ബൂത്ത് പരിസരത്ത് വെച്ച് വെൽഫയർ പാർട്ടി പ്രവർത്തകർ ആക്രമിച്ചതായും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.

ബൂത്ത് പരിസരത്ത്ച്ചു തടിച്ചു കുടിയവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. രാത്രി വീണ്ടും രണ്ടിടത്തായി സംഘടിച്ച പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു. പള്ളിയിൽ കേന്ദ്രീകരിച്ച ജമാഅത്തെ ഇസ്ലാലാമി പ്രവർത്തകരെയും പാർട്ടി ഓഫീസിൽ സംഘടിച്ച എൽ.ഡി.എഫ് പ്രവർത്തകരെയുമാണ് പൊലീസ് പിരിച്ചുവിട്ടത്. യു.ഡി.എഫ് - വെൽഫെയർ പാർട്ടി പ്രവർത്തകരുടെ അക്രമത്തിൽ എൽ.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഇ.രമേശ് ബാബു, ജോണി ഇടശ്ശേരി,സി.ടി.സി അബ്ദുള്ള,വി. വസീഫ് എന്നിവർ പങ്കെടുത്തു.