മുക്കം: മലയോര മേഖലയിൽ കനത്ത പോളിംഗ്. ഒട്ടു മിക്ക ബൂത്തിലും 80 ശതമാനത്തിനു മുകളിലാണ് പോളിംഗ്. പല ബൂത്തുകളിലും വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയത് സുഗമമായ വോട്ടെടുപ്പിന് തടസ്സമായി. മുക്കം നഗരസഭയിലെ പൊറ്റശ്ശേരി ഡിവിഷനിലെ വിനയപുരം അൽ മദ്റസത്തുൽ സലഫിയയിലെ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് അര മണിക്കൂർ പോളിംഗ് തടസപ്പെട്ടു. രാവിലെ ഏഴ് മണിക്ക് തന്നെ ഇവിടെ പോളിംഗ് ആരംഭിച്ചിരുന്നു. 13 പേർ വോട്ട് ചെയ്തതോടെ യന്ത്രം പണിമുടക്കി. വീണ്ടും പ്രവർത്തിച്ച യന്ത്രം 120 പേർ വോട്ട് ചെയ്തപ്പോൾ 7.20ന് പ്രവർത്തനം നിലച്ചു. ഉടനെ പ്രിസൈഡിംഗ് ഓഫീസർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് സങ്കേതിക വിദഗ്ദ്ധർ സ്ഥലത്തെത്തി. 7.45 ന് തകരാറുകൾ തീർത്ത് പോളിംഗ് പുനരാരംദിച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ പത്താം വാർഡിലെ ഒന്നാം ബൂത്തിലും വോട്ടിംഗ് മെഷീൻ പണിമുടക്കി. ആദ്യം വോട്ടിംഗ് സുഗമമായി നടന്നെങ്കിലും അൽപം കഴിഞ്ഞപ്പോൾ യന്ത്രം തകരാറിലാവുകയായിരുന്നു. കേടുപാടുകൾ തീർത്ത് പോളിംഗ് പുനഃരാരംഭിച്ചെങ്കിലും അൽപസമയത്തിനകം വീണ്ടും തകരാറിലായി. ഇതുമൂലം ഈ കേന്ദ്രത്തിൽ ഉച്ചവരെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
മുക്കം നഗരസഭയിലെ നീലേശ്വരത്ത് സംഘർഷത്തെ തുടർന്ന് പൊലീസ് രണ്ടു തവണ ലാത്തിവീശി. പൂളപ്പൊയിൽ വാർഡിലെ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് ലാത്തി വീശിയത്. പത്താം ഡിവിഷനായ മുത്തേരിയിലും ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് നേരിയ സംഘർഷമുണ്ടായി.