തുറന്ന വാഹനങ്ങളിൽ ആഹ്ളാദ പ്രകടനങ്ങൾ പാടില്ല
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ ഇന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസര പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പടുത്തി. സ്ഥാനാർത്ഥികളുടേയും ഇവരുടെ കൂടെ വരുന്ന അംഗീകൃത കൗണ്ടിംഗ് ഏജന്റുമാരുടേയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേകം സ്ഥലം പൊലീസ് നിശ്ചയിച്ചിട്ടുണ്ട്.
കൽപ്പറ്റ കൗണ്ടിംഗ് സെന്ററിൽ എത്തുന്നവർക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും ഈ ഗ്രൗണ്ടിൽ പാർക്കിംഗ് പൂർത്തിയാവുന്ന മുറയ്ക്ക് കൽപ്പറ്റ ബൈപാസ് റോഡിലും പാർക്കിംഗ് അനുവദിക്കും.
മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കൗണ്ടിംഗ് സെന്ററിൽ എത്തുന്നവർക്ക് ഈ സ്കൂളിന്റെ ഗ്രൗണ്ടിലും വിൻസെന്റ് ഗിരിയിലെ സെന്റ് പാട്രിക് കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുള്ള കൗണ്ടിംഗ് സെന്റിൽ എത്തുന്നവർക്ക് ആ സ്കൂളിന്റെ ഗ്രൗണ്ടിലും പനമരം ഗവ. സ്കൂൾ കൗണ്ടിംഗ് സെന്ററിൽ പനമരം സ്കൂൾ ഗ്രൗണ്ടിലും പാർക്കിംഗ് അനുവദിക്കും.
സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൗണ്ടിൽ സെന്ററിൽ എത്തുന്നവർക്ക് അസംപ്ഷൻ അപ്പർ പ്രൈമറി ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്കു ചെയ്യാം.
അതേസമയം കൗണ്ടിംഗ് സെന്റിന്റെ അഞ്ഞൂറു മീറ്റർ ചുറ്റളവിൽ ഒരുവിധ പാർക്കിഗും അനുവദിക്കില്ല.
പൊലീസ് നിർദേശിച്ചിട്ടുള്ള ഈ സ്ഥലങ്ങളിലല്ലാതെ മറ്റ് സ്ഥലങ്ങളിലൊന്നും പാർക്കിംഗ് അനുവദിക്കില്ല.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് കൗണ്ടിംഗ് സെന്ററുകളുടെ അഞ്ഞൂറു മീറ്റർ ചുറ്റളവിൽ ഒരുവിധത്തിലുള്ള ഒത്തുചേരലുകളും ആൾക്കൂട്ടവും അനുവദിക്കില്ല.
ലോറികൾ, ടിപ്പറുകൾ പോലുള്ള തുറന്ന വാഹനങ്ങളിൽ ആഹ്ളാദ പ്രകടനങ്ങൾ നടത്താൻ പാടില്ല. ഇത്തരം വാഹനങ്ങളിലുള്ള ആഹ്ളാദ പ്രകടനങ്ങൾ കണ്ടാൽ നിയമനടപടി സ്വീകരിക്കുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യും.
കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിന് പൊലീസ് നടപ്പാക്കുന്ന നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം. പൊലീസ് നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് വോട്ടെണ്ണൽ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കണം.
ജി.പൂങ്കുഴലി
ജില്ലാ പൊലീസ് മേധാവി