മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര തുടങ്ങി. അവകാശ സംരക്ഷണം നിയമ നിർമാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന
യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും.
യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽ പരിഹരിക്കുക, ദേവാലയങ്ങളിൽ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം
അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള യാത്ര മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിലെ ശാമുവേൽ മോർ പീലക്സിനോസിന്റെ കബറിടത്തിൽ നിന്ന് മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഫ്ളാഗ് ഓഫ് ചെയ്തു. മലബാർ ഭദാസന മെത്രാപ്പോലീത്ത സഖറിയാസ് മോർപോളികാർപ്പോസ് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങി.
കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മോർ ഐറേനിയോസ്, ഡൽഹി ഭദ്രാസനത്തിന്റെ കുര്യാക്കോസ് മോർ യൗസേഫിയോസ്, ബാംഗ്ലൂർ–മൈലാപ്പുർ ഭദ്രാസനത്തിന്റെ ഐസക്ക് മോർ ഒസ്ത്താത്തിയോസ്, മുവാറ്റുപുഴ മേഖലാധിപൻ മാത്യൂസ് മോർ അന്തിമോസ്
എന്നീ മെത്രാപ്പോലീത്തമാർ പങ്കെടുത്തു.
യാത്രയ്ക്ക് മീനങ്ങാടി സെന്റ് മേരീസ് സുവിശേഷ സമാജം പള്ളിയിലും കൽപറ്റ സെന്റ് ജോർജ് പള്ളിയിലും സ്വീകരണം നൽകി. 29ന് മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകും. 15 ദിവസം നീണ്ട് നിൽക്കുന്ന യാത്രക്ക് വിവിധ ഭദ്രാസനങ്ങളിൽ സ്വീകരണം നൽകും.