കൽപ്പറ്റ: ക്രിസ്മസ് ന്യൂഇയർ സീസണുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷാ പരിശോധന രാത്രികാലങ്ങളിലടക്കം കർശനമാക്കും. ഭക്ഷ്യ സുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കുവാൻ അനുവദിക്കുകയില്ല. എല്ലാ ഭക്ഷ്യ ഉൽപാദക, വിതരണ വിൽപ്പന സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ എടുക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

വീടുകളിൽ കേക്ക് നിർമ്മിച്ച് വിൽപ്പന നടത്തുന്നവരും ഭക്ഷ്യ സുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ എടുക്കണം. ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. മുറിച്ച് വെച്ച് വിതരണം ചെയ്യുന്ന പഴങ്ങൾ, തുറന്ന് വെച്ച് വിൽപ്പന നടത്തുന്ന ബേക്കറി അടക്കമുളള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. പായ്ക്കറ്റ് ഭക്ഷണത്തിന്റെ പുറത്ത് കർശനമായ ലേബൽ വ്യവസ്ഥകൾ പാലിക്കണം. സർബത്ത്, ജ്യൂസ്, ചായ, കാപ്പി മുതലായ പാനീയങ്ങൾക്ക് ഉപയോഗിക്കുന്ന വെളളവും, ഐസും ശുദ്ധമായ കുടിവെളളത്തിൽ ഉണ്ടാക്കിയവ ആയിരിക്കണം. ജീവനക്കാർ വൃത്തി ശുചിത്വ ശീലങ്ങളും കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. എണ്ണപ്പലഹാരങ്ങളും മറ്റും പാകംചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. പ്രിന്റഡ് ന്യൂസ് പേപ്പറിൽ ഭക്ഷ്യ വസ്തുക്കൾ പൊതിഞ്ഞ് കൊടുക്കരുത്. കുപ്പിവെളളവും മറ്റ് പാനീയങ്ങളും വെയിൽ തട്ടുന്ന രീതിയിൽ സൂക്ഷിക്കുവാൻ പാടില്ല.

തുറന്ന് വെച്ചതോ ഈച്ച, പാറ്റ, പൊടി മുതലായവ മലിനപ്പെടുത്തിയതോ, വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതോ, വിതരണം ചെയ്യുന്നതോ ആഹാര സാധനങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവു എന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എസ്.അജി അറിയിച്ചു.

പൊതുജനങ്ങളുടെ പരാതികൾ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ 8943346192, കൽപ്പറ്റ 9072639570, സുൽത്താൻ ബത്തേരി 8943346570, മാനന്തവാടി 7593873342, ടോൾ ഫ്രീ നമ്പർ 1800 425 1125 എന്നീ നമ്പറുകളിൽ അറിയിക്കാം.