
മുക്കം: വെൽഫെയർ പാർട്ടിയുമായുമായുള്ള നീക്കുപോക്കിനെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ രണ്ടു കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്നു പുറത്തായി. കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് എൻ.പി.ഷംസുദ്ദീൻ, ഇരുപതാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി.മൂസ്സ എന്നിവരെയാണ് ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ പുറത്താക്കിയത്.
നടപടിയിൽ കോൺഗ്രസിലെ ഐ വിഭാഗം പ്രതിഷേധമാണ് ഉയർത്തുന്നത്. ഏതാനും പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിക്ക് ഒരുങ്ങുന്നതായും സൂചനയുണ്ട്. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം അതുണ്ടാവുമെന്നാണ് സൂചന.
കോൺഗ്രസിനോ യു.ഡി.എഫിനോ വെൽഫെയർ പാർട്ടിയുമായി യാതൊരു ധാരണയുമില്ലെന്ന് ആവർത്തിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് ഉയർത്തിപ്പിടിച്ചതാണോ തങ്ങൾ ചെയ്ത തെറ്റെന്ന് ഇരുവരും ചോദിച്ചു. ഇതേ വിഷയത്തിൽ മുത്തേരി ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച പ്രസാദ് ചേനാംതൊടികയെയും ഡി.സി.സി പ്രസിഡന്റ് പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടുണ്ട്.
പാർട്ടി പ്രാദേശിക നേതൃത്വം ചേന്ദമംഗല്ലൂരിലും മുക്കത്തും കൊടിയത്തൂരിലും മറ്റും വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയപ്പോൾ കോൺഗ്രസ് നയം ചൂണ്ടിക്കാണിച്ച് ഇവരുൾപ്പെടെ ഒരു വിഭാഗം ശക്തിയായി എതിർക്കുകയായിരുന്നു. എൻ.പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ കോൺഗ്രസ്, മുസ്ലീം ലീഗ് പ്രവർത്തകർ രൂപം നൽകിയ ജനകീയ മുന്നണി ചേന്ദമംഗല്ലൂർ മേഖലയിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്ന നാലു ഡിവിഷനിലാണ് സ്ഥാനാർത്ഥികളെ നിറുത്തിയത്. ഈ നാലു ഡിവിഷനിലും എൽ.ഡി.എഫ് ഇവർക്ക് പിന്തുണയും നൽകി.