കോഴിക്കോട്:ദേശീയ രാഷ്ട്രീയത്തിലെ ഓരോ ചലനവും സൂക്ഷ്മമായി വായനക്കാർക്ക് കൈമാറിയ ഡി. വിജയമോഹന്റെ അകാല വിയോഗം മലയാള മാദ്ധ്യമലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് എം.കെ രാഘവൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും രാജ്യത്തിന്റെയും ഗതിവിഗതികൾ നിരീക്ഷിക്കുകയും വസ്തുതാപരമായി അവയെ വായനക്കാരിലെത്തിക്കുകയും ചെയ്ത ഡി. വിജയമോഹനൻ ഡൽഹിയിലെ മലയാളി മുഖങ്ങളിൽ പ്രധാനിയായിരുന്നു. രാഷ്ട്രീയ നേതാക്കളുമായും ഭരണാധികാരികളുമായും ആഴത്തിലുള്ള സൗഹൃദം പുലർത്താനും അതേസമയം വിമർശനാത്മകമായി അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്താനും അദ്ദേഹം തയ്യാറായിരുന്നു. ഏറെ ആത്മാർത്ഥത പുലർത്തിയ സൗഹൃദം കൂടിയാണ് വിജയമോഹന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് എം.കെ. രാഘവൻ പറഞ്ഞു.