കോഴിക്കോട്: തിരഞ്ഞെടുപ്പ് ദിവസം ജില്ലയിൽ വ്യാപക അക്രമങ്ങളാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. പേരാമ്പ്ര, നൊച്ചാട് പഞ്ചായത്തുകളിൽ മാരകായുധങ്ങളുമായെത്തി ബൂത്ത് കൈയേറി നടത്തിയ അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകനായ ശ്രീധരൻ കച്ചേരി, ബാബു തുടങ്ങിയവർക്ക് ഗുരുതരമായി പരിക്കേറ്റു. പേരാമ്പ്ര പഞ്ചായത്തിൽ പരപ്പൂർ മീത്തൽ നൗഫലിന്റെ വീട് ആക്രമിക്കുകയും നൗഫലിന്റെ ഭാര്യയെയും ആറ് വയസുള്ള കുട്ടിയെയും മർദ്ദിച്ചു.
പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർത്ഥി സുധി, വാസു വേങ്ങേരി, രാജീവൻ തുടങ്ങിയവരെയും ക്രൂരമായി മർദ്ദിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് കണ്ണാട്ടിയിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. കുന്ദമംഗലം പെരുവഴികടവിൽ നടത്തിയ ആക്രമണത്തിൽ അർജുൻദാസ്, പ്രണവ് കെടി, വിഷ്ണു വിപി, സജിത്ത് പുളിക്കൽ, ഗുരുദേവദാസ് തുടങ്ങിയവർക്ക് പരിക്കേറ്റു.
കുണ്ടൂപറമ്പിലും കരുവിശ്ശേരിയിലും ആക്രമണമുണ്ടായി. നാദാപുരത്തും മാങ്കാവിലും യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് സി.പി.എം പ്രേരണയിലാണ്.
പരാജയം മുന്നിൽകണ്ടാണ് സമാധാനാന്തരീക്ഷം തകർക്കാൻ സി.പി.എം ശ്രമിക്കുന്നത്. വ്യാജ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് മൂലക്കിരുത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ആശുപത്രികളിലും വീടുകളിലും ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ സിദ്ദിഖ് സന്ദർശിച്ചു.