
നാദാപുരം: വോട്ടെടുപ്പ് ദിവസം കല്ലാച്ചി തെരുവൻപറമ്പിൽ പൊലീസിനെ ആക്രമിച്ച കേസ്സിൽ ആറു യു.ഡി.എഫ് പ്രവർത്തകരെ നാദാപുരം സി.ഐ എൻ.സുനിൽകുമാർ അറസ്റ്റ് ചെയ്തു.
തെരുവൻപറമ്പ് സ്വദേശികളായ വാണിയൻവീട്ടിൽ മുഹമ്മദ് ഷഫീഖ് (23), താഴെ കളമുള്ളതിൽ മുഹമ്മദ് (30), താഴെ കുരിച്ചോട്ടിൽ അബ്ദുൾ ലത്തീഫ് (33), കിഴക്കെ പറമ്പത്ത് കെ.പി റഹീസ് (27), കല്ലാച്ചി സ്വദേശി കുഞ്ഞിപറമ്പത്ത് ആഷിഖ് (23), പൂലോറത്ത് റാഷിദ് (28) എന്നിവരെ മാനന്തവാടിയിൽ വെച്ചാണ് പിടികൂടിയത്. സംഭവത്തിൽ കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റും തൂണേരി ബ്‌ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുമായ അഡ്വ.കെ.എൻ.രഘുനാഥ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ, കോൺഗ്രസ് പ്രാദേശിക നേതാവ് കെ.ടി.കെ.അശോകൻ എന്നിവരും പ്രതികളാണ്.
പക്രന്തളം ചുരം റോഡ് വഴി ബംഗളൂരുവിലേക്ക് കടക്കുന്നതിനിടയിൽ മാനന്തവാടി പൊലീസ് പ്രതികളുടെ വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാദാപുരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇത്. പിന്നീട് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്.
നാദാപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് പ്രതികളെ റിമാൻഡ് ചെയ്തു.
അക്രമസംഭവത്തിൽ നൂറോളം പേർക്കെതിരെയാണ് കേസ്. തെരുവൻപറമ്പിൽ വെച്ച് പൊലീസിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്. ഈ ചിത്രങ്ങളിൽ നിന്ന് 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.