ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ 23-ാം വാർഡിൽ ശിവപുരം എസ്.എം.എം.എ. യു.പി സ്കൂളിലെ ബൂത്തിൽ തിരഞ്ഞെടുപ്പ് ദിവസം ഇങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്ത ഈ നാലു പേർ വോട്ടർമാർ മാത്രമല്ല സ്ഥാനാർത്ഥികളുമാണ്. ഒരുമിച്ചിരുന്നവരിൽ ആരായിരിക്കും ഇനി മെമ്പർ കസേരയിലിരിക്കുക എന്ന് അറിയുകയേ വേണ്ടൂ.
ഇരിക്കുന്നവരിൽ ഇടത്തുനിന്ന് ആദ്യം റംല ആരാമം. ഇവർ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി ഗ്യാസ് സിലിൻഡർ ചിഹ്നത്തിലും ഷീബ പുനത്തുംപറമ്പത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിലും അരീപ്പുറത്ത് പങ്കജ എൻ.ഡി.എ.സ്ഥാനാർത്ഥിയായി താമരചിഹ്നത്തിലും നളിനി മുച്ചിലോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ചുറ്റിക അരിവാൾ നക്ഷത്രത്തിലുമാണ് ജനവിധി തേടിയത്.
ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോയ്ക്ക് സമീപം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആപ്ത വാക്യമെഴുതിയ ചുമരിനോടു ചേർന്നായിരുന്നു ഇവരുടെ ഇരിപ്പ്. ഏതായാലും പോളിംഗ് ദിവസം നാലു സ്ഥാനാർത്ഥികളും ഒരുമിച്ചിരുന്നപ്പോൾ വോട്ടർമാർക്ക് അത് കൗതുകക്കാഴ്ചയായിരുന്നു.