
ഇടതുഭരണം അരനൂറ്റാണ്ടിലേക്ക്
കോഴിക്കോട്: നാലര പതിറ്രാണ്ടായി ഇടതുകോട്ടയായി തുടരുന്ന കോഴിക്കോട് കോർപ്പറേഷനിൽ എൽ.ഡി.എഫ് വീണ്ടുമുയർത്തിയ വിജയച്ചെങ്കൊടിക്ക് മുന്നിൽ ഒളിമങ്ങി യു.ഡി.എഫ്. ഭരണ പ്രതീക്ഷയുമായി മത്സരത്തിനിറങ്ങിയ ബി.ജെ.പി അടിപതറി വീണു. ആകെയുള്ള 75 ഡിവിഷനിൽ 51 സ്വന്തമാക്കിയാണ് എൽ.ഡി.എഫ് വിജയരഥമേറിയത്. 17 ഡിവിഷനിൽ യു.ഡി.എഫ് ഒതുങ്ങിയപ്പോൾ ഏഴ് സീറ്റുമായി ബി.ജെ.പിക്ക് സംതൃപ്തിപ്പെടേണ്ടി വന്നു.
എൽ.ഡി.എഫിൽ 45 സീറ്റ് നേടി സി.പി.എം കരുത്ത് കാട്ടി. ഒരോസീറ്റ് വീതം എൻ.സി.പിയും സി.പി.ഐയും ജനതാദളും കോൺഗ്രസ് എസും സ്വന്തമാക്കി. യു.ഡി.എഫ് വിമതരെ രണ്ട് സീറ്റിൽ വിജയിപ്പിക്കാനും എൽ.ഡി.എഫിനായി. കോൺഗ്രസ് ഒമ്പത് സീറ്റ് നേടി തീരദേശത്തേക്ക് ചുവടുറപ്പിച്ചപ്പോൾ മുസ്ലിം ലീഗ് കോട്ടകളെല്ലാം തകർന്നടിഞ്ഞു. അഞ്ച് സീറ്റുകൾ മാത്രമാണ് ലീഗ് നേടിയത്. മൂന്ന് സ്വതന്ത്രർ യു.ഡി.എഫ് ബാനറിൽ വിജയിച്ചു.
നിലവിലെ ഏഴ് സിറ്റിംഗ് സീറ്റുകളിൽ നാലിലും ബി.ജെ.പി പരാജയം ഏറ്റുവാങ്ങി. മൂന്ന് സീറ്റുകൾ നിലനിർത്തി. മുൻ മേയറുടെ ഡിവിഷൻ ഉൾപ്പെടെ നാല് സീറ്റുകൾ പുതുതായി പിടിച്ചത് ബി.ജെ.പിക്ക് രാഷ്ട്രീയ വിജയം സമ്മാനിച്ചു.
ഇടതു തരംഗമുണ്ടായ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 48 സീറ്റ് നേടിയായിരുന്ന എൽ.ഡി.എഫ് അധികാരത്തിൽ എത്തിയത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് യു.ഡി.എഫ് നേടി. ഇതോടെ സീറ്റുകൾ 47ആയി മാറിയെങ്കിലും എൽ.ജെ.ഡി ഇടതുപക്ഷത്ത് എത്തിയതോടെ 50 സീറ്റുമായാണ് കോർപ്പറേഷൻ എൽ.ഡി.എഫ് ഭരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ ഇടതിന്റെ ആത്മവിശ്വാസം ഉയർത്തുന്നതാണ് കോർപ്പറേഷനിലെ മുന്നേറ്റം. പ്രളയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് തിരഞ്ഞെടുപ്പ് വിജയത്തെ കാണുന്നത്. യു.ഡി.എഫ്-വെൽഫെയർ പാർട്ടി ബന്ധം തീരദേശങ്ങളിൽ മുസ്ലിം ലീഗിനെ തിരിഞ്ഞുകൊത്തിയപ്പോൾ ലീഗ് കോട്ടകളെല്ലാം കടപുഴകി. മുസ്ലിം സമുദായത്തിലെ സുന്നി വിഭാഗത്തിന്റെ എതിർപ്പ് ഇടതുപക്ഷത്തിന് ഗുണം ചെയ്തു. ബി.ജെ.പിയുടെ നാല് സീറ്റ് സി.പി.എം പിടിച്ചെടുത്തു. മുസ്ലിം ലീഗും കോൺഗ്രസും വൻ തിരിച്ചടിയാണ് നേരിട്ടത്. പല സീറ്റുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നിലവിലെ സിറ്റിംഗ് സീറ്റുകൾ നഷ്ടമായെങ്കിലും സി.പി.എമ്മിന്റെ നാല് സീറ്റുകൾ പിടിച്ചെടുത്തതിന്റെ ആശ്വാസം ബി.ജെ.പിക്കുണ്ട്. അതേസമയം ശക്തികേന്ദ്രമായ ബേപ്പൂരിൽ മൂന്ന് സിറ്രിംഗ് സീറ്റുകൾ സി.പി.എമ്മിന് മുന്നിൽ അടിയറവ് പറഞ്ഞത് ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയായി.
മുന്നണി മാറി എൽ.ഡി.എഫിൽ എത്തിയ എൽ.ജെ.ഡിയുടെ മുന്നേറ്റത്തിനും മങ്ങലേറ്റു. മൂന്ന് ഡിവിഷനുകൾ കൈയിലുണ്ടായിരുന്ന എൽ.ജെ.ഡി ഒന്നിലേക്ക് ഒതുങ്ങി. എൻ.സി.പിയ്ക്കും ഒരുസീറ്റ് നഷ്ടമായി. സി.പി.ഐ ഒരു സീറ്റ് പിടിച്ചെടുത്തു.