ldf
ചക്കിട്ടപ്പാറയിൽ നടന്ന എൽ.ഡി.എഫ് ആഹ്ലാദ പ്രകടനം

പേരാമ്പ്ര: കിഴക്കൻ മലയോരത്ത് ഭരണം നിലനിർത്തി കോട്ടകൾ ഭദ്രമാക്കി എൽ.ഡി.എഫ്. പേരാമ്പ്ര ബ്ലോക്കിൽ യു.ഡി.എഫിനുണ്ടായിരുന്ന ഗ്രാമപഞ്ചായത്തും എൽ.ഡി എഫ് പിടിച്ചെടുത്തു. ചക്കിട്ടപ്പാറ, നൊച്ചാട് ഗ്രാമപഞ്ചായത്തുകളിൽ വൻ മുന്നേറ്റം നടത്തിയാണ് എൽ.ഡി.എഫ് കോട്ടകളിൽ വീണ്ടും കൊടിപാറിച്ചത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ 19ൽ 15, കൂത്താളി ഗ്രാമപഞ്ചായത്തിൽ 13ൽ 9, ചങ്ങരോത്ത് പഞ്ചായത്തിൽ 19ൽ പത്തും സീറ്റുകൾ എൽ.ഡി.എഫ് നേടി. നൊച്ചാട് പഞ്ചായത്തിൽ ആകെയുള്ള 17ൽ ഒരു സീറ്റ് കൊണ്ട് യു.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ആകെയുള്ള 15ൽ എട്ടും കായണ്ണ ഗ്രാമപഞ്ചായത്തിൽ 12ൽ 9, ചക്കിട്ടപാറയിൽ 15ൽ 10 സീറ്റുകളും നേടി എൽ.ഡി.എഫ് വിജയരഥമേറി. ചങ്ങരോത്ത് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം കൈയാളിയിരുന്ന അഞ്ച് വർഷത്തിനിടെ മൂന്ന് പ്രസിഡന്റുമാർ മാറി വന്നതും മേഖലയിലെ വികസന മുരടിപ്പും എൽ.ഡി.എഫ് വിജയത്തിന് വഴിയൊരുക്കി. പേരാമ്പ്ര ബ്ലോക്കിലെ പതിമൂന്ന് ഡിവിഷനുകളിൽ ഒമ്പതിലും ആധിപത്യം ഉറപ്പിച്ചാണ് എൽ.ഡി.എഫ് തുടർഭരണം നിലനിർത്തിയത്. ആവള ഡിവിഷൻ, എരവട്ടൂർ, മുതുകാട്, കൂത്താളി, പേരാമ്പ്ര, കായണ്ണ, നൊച്ചാട്, കൽപ്പത്തൂർ, ചെറുവണ്ണൂർ എന്നീ ഡിവിഷനുകളാണ് എൽ.ഡി.എഫ് വിജയിച്ചാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തുടർ ഭരണത്തിലേക്ക് നീങ്ങുന്നത്. മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫ് വൻ ഭൂരിപക്ഷം ഉറപ്പിച്ചു.