കോഴിക്കോട് : വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ സഖ്യം വൻവിജയം സമ്മാനിക്കുമെന്ന യു.ഡി.എഫ് കണക്കുകൂട്ടൽ തെറ്റി. ജമാഅത്തെ ഇസ്ലാമിയ്ക്ക് സ്വാധീനമുള്ള മേഖലകൾ യു.ഡി.എഫിന് ആശ്വാസം പകർന്നെങ്കിലും ജില്ലയിലുടനീളം വെൽഫെയർ സഖ്യം യു.ഡി.എഫിന് നൽകിയത് വൻ തിരിച്ചടിയാണ്. സഖ്യം കൊണ്ട് ലാഭം കൊയ്തത് വെൽഫെയർ പാർട്ടിയാണെന്ന് യു.ഡി.എഫിലെ ഒരു വിഭാഗം പറയുന്നു.
മുക്കത്ത് എൽ.ഡി.എഫിന്റെ സീറ്റുകൾ 15 ആയി കുറയ്ക്കാൻ സഖ്യത്തിന് കഴിഞ്ഞു. പക്ഷേ, ജില്ലാ പഞ്ചായത്തിലെ കുറ്റ്യാടി ഡിവിഷനിൽ വെൽഫയർ ബന്ധം യു.ഡി.എഫിനെ തുണച്ചില്ല. വെൽഫയർ ബന്ധത്തോട് വിയോജിപ്പുള്ള പരമ്പരാഗത വോട്ടർമാർ യു.ഡി.എഫിനെ കൈവിട്ടു.
വികസന പ്രവർത്തനങ്ങൾക്ക് പുറമെ യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി ബന്ധമാണ് എൽ.ഡി.എഫ് ചർച്ചയാക്കിയത്.
മുസ്ലിം വോട്ട് ബാങ്കിന്റെ ഏകീകരണം ലക്ഷ്യമിട്ട് രൂപം നൽകിയ സഖ്യം മുസ്ലിം വോട്ടുകളിൽ തന്നെ വിള്ളൽ വീഴ്ത്തി. കോഴിക്കോട് കോർപ്പറേഷനിൽ മുസ്ലിം ലീഗിന് വൻ തിരിച്ചടിയുണ്ടായതിൽ യു.ഡി.എഫ് - വെൽഫെയർ പാർട്ടി സഖ്യം ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
ഇ.കെ. സമസ്തയും മുജാഹിദ് വിഭാഗങ്ങളും സഖ്യത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോഴിക്കോട് കോർപ്പറേഷനിൽ 2010ലെ തിരഞ്ഞെടുപ്പിൽ 13 സീറ്റ് ഉണ്ടായിരുന്ന ലീഗ് 2015ൽ ഏഴിലേക്ക് ചുരുങ്ങിയിരുന്നു. ഇത്തവണ അത് അഞ്ചായി.
 കൊടിയത്തൂരിൽ നേട്ടം
കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിച്ചതിന് പിന്നിൽ വെൽഫെയർ പാർട്ടിയുടെ സംഭാവന ചെറുതല്ല. പഞ്ചായത്തിൽ കോൺഗ്രസ് ആറ് സീറ്റും മുസ്ലിം ലീഗ് അഞ്ച് സീറ്റും വെൽഫെയർ പാർട്ടി രണ്ടും സീറ്റും നേടി. സി.പി.എമ്മിന് രണ്ട് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്തി കോൺഗ്രസ് വിമത ഒരു സീറ്റിൽ ജയിച്ചു. കഴിഞ്ഞ തവണ 14 സീറ്റ് നേടി ഇടതുപക്ഷം അധികാരത്തിലെത്തിയതായിരുന്നു ഇവിടെ.