കോഴിക്കോട്: വോട്ടെടുപ്പ് ഫലം പൂർണമായപ്പോൾ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളുടെയും പക്ഷം ഇടത്തു തന്നെ. 70 പഞ്ചായത്തുകളിൽ 43 എണ്ണത്തിൽ എൽ.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ തവണ 48 പഞ്ചായത്തുകൾ കൂടെ നിന്നെങ്കിലും അഞ്ചെണ്ണം കൈവിട്ടുപോയി. തിരുവള്ളൂർ,അത്തോളി, കാരശ്ശേരി, ചേളന്നൂർ പഞ്ചായത്തുകളാണ് യു.ഡി.എഫ് പിടിച്ചത്. യു.ഡി.എഫിൽ നിന്ന് ചങ്ങരോത്ത്, തിക്കോടി, കുന്ദമംഗലം പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു.
എൽ.ജെ.ഡിയും കേരളകോൺഗ്രസ് എമ്മും മുന്നണിയിൽ എത്തിയതോടെ വടകരയിലും തിരുവമ്പാടിയിലും മികച്ച നേട്ടമുണ്ടാക്കാമെന്ന എൽ.ഡി.എഫിന്റെ പ്രതീക്ഷ തെറ്റി. മലയോരത്തെ യു.ഡി.എഫ് കോട്ടകൾ ഇളക്കാൻ കേരള കോൺഗ്രസിനായില്ല. വടകരയിൽ എൽ.ജെ.ഡിയുടെ വരവും എൽ.ഡി.എഫിന് ഗുണം ചെയ്തില്ല.
പത്തു വർഷത്തിനുശേഷമാണ് കുന്ദമംഗലം എൽ.ഡി.എഫിന്റെ കൈയിലെത്തുന്നത്. അത്തോളി പഞ്ചായത്തിൽ 17ൽ 12 സീറ്റ് നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ കൈവിട്ടുപോയ അത്തോളിയിലെ ഭരണം അട്ടിമറി വിജയത്തിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു. 2015ൽ ഒമ്പത് സീറ്റുണ്ടായ സ്ഥാനത്ത് നാല് സീറ്റിൽ എൽ.ഡി.എഫ് ഒതുങ്ങി. ചേളന്നൂരിൽ 12ൽ ഒമ്പത് സീറ്റുകൾ നേടി യു.ഡി.എഫ് ഭരണം നിലനിർത്തി. കാരശേരിയിൽ ആകെയുള്ള 18 സീറ്റിൽ ഒമ്പത് യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവള്ളൂരിൽ 20ൽ 11 സീറ്റ് നേടി യു.ഡി.എഫ് ഭരണം നിലനിർത്തി. ഒഞ്ചിയത്ത് എൽ.ഡി.എഫ് എട്ട് സീറ്റ് നേടിയെങ്കിലും യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പിക്ക് അഞ്ചു സീറ്റും യു.ഡി.എഫിന് നാല് സീറ്റും ലഭിച്ചതോടെ ഭരണം ആർ.എം.പിയുടേതായി. കായക്കൊടി പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴ് വിധം സീറ്റുകളാണ് ലഭിച്ചത്. ഇവിടുത്തെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ നിർണായകമാകും. അഴിയൂർ പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ആറു വീതം സീറ്റുകളാണ് ലഭിച്ചത്. എൻ.ഡി.എക്ക് ഒരു സീറ്റും കക്ഷിരഹിതർ 5 സീറ്റുകളും നേടി.
ചോറോട് , പുറമേരി , വളയം, എടച്ചേരി, കുന്നുമ്മൽ , കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, നരിപ്പറ്റ , വില്ലാപള്ളി, മണിയൂർ, തുറയൂർ, കീഴരിയൂർ, തിക്കോടി, മേപ്പയ്യൂർ, ചെറുവണ്ണൂർ, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ , കൂത്താളി, പേരാമ്പ്ര, ചക്കിട്ടപാറ, ബാലുശ്ശേരി, നടുവണ്ണൂർ,കോട്ടൂർ , ഉള്ള്യേരി, പനങ്ങാട്,ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ് , കക്കോടി, കാക്കൂർ, നന്മണ്ട, തലക്കുളത്തൂർ , കൂടരഞ്ഞി, കുരുവട്ടൂർ , ചാത്തമംഗലം, പെരുമണ്ണ, കടലുണ്ടി, ഒളവണ്ണ എന്നിവിടങ്ങൾ എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു. ചെക്യാട് , തൂണേരി, വാണിമേൽ, നാദാപുരം, വേളം, ആയഞ്ചേരി,തിരുവള്ളൂർ, ഉണ്ണികുളം, കൂരാച്ചുണ്ട് , അത്തോളി, നരിക്കുനി, തിരുവമ്പാടി, കിഴക്കോത്ത്, മടവൂർ , പുതുപ്പാടി, താമരശേരി, ഓമശേരി, കട്ടിപ്പാറ, കോടഞ്ചേരി, കൊടിയത്തൂർ, മാവൂർ, കാരശ്ശേരി, പെരുവയൽ, ഒഞ്ചിയം, അഴിയൂർ, ഏറാമല എന്നിവിടങ്ങൾ യു.ഡി.എഫ് ഭരണം നേടി. അതേസമയം ബി.ജെ.പിക്ക് ഇക്കുറിയും ഗ്രാമപഞ്ചായത്തുകൾ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. അത്തോളി, അഴിയൂർ, ബാലുശേരി, ചാത്തമംഗലം, ചേമഞ്ചേരി, ചോറോട്, കായണ്ണ, ഒളവണ്ണ, പെരുവയൽ എന്നിവിടങ്ങളിൽ ഒാരോ സീറ്റ് വീതവും, കുന്ദമംഗലം, നന്മണ്ട എന്നിവിടങ്ങളിൽ രണ്ട് സീറ്റ് വീതവും നേടി. ഉണ്ണിക്കുളത്ത് 3 സീറ്റും നേടി.