കോഴിക്കോട് : കെട്ടിട നമ്പർ അനുവദിച്ചതിനെതിരെ ക്രിമിനൽ കേസുണ്ടെന്ന പേരിൽ 2018 ൽ വിരമിച്ച പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടിന് ഗ്രാറ്റ്വിറ്റി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞത് ന്യായീകരിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ സമർപ്പിച്ച റിവ്യൂ ഹർജി മനുഷ്യാവകാശ കമ്മിഷൻ തള്ളി.
പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നും ഇതിനു വേണ്ടി അദ്ദേഹം ചൂണ്ടിക്കാണിച്ച കോടതി വിധി ഹൈക്കോടതി ഫുൾ ബഞ്ച് അസ്ഥിരപ്പെടുത്തിയതാണെന്നും കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഫറോക്ക് സ്വദേശിയും ഉണ്ണികുളം പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടുമായിരുന്ന ധർമ്മരാജന് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച നടപടി ന്യായീകരിച്ചാണ് കോഴിക്കോട് പഞ്ചായത്ത് ഉപമേധാവി റിവ്യൂ ഹർജി സമർപ്പിച്ചത്.
പഞ്ചായത്ത് ഉപമേധാവിയ്ക്കെതിരെ ധർമ്മരാജൻ സമർപ്പിച്ച പരാതിയിൽ വിരമിക്കൽ ആനുകൂല്യം പൂർണമായും നൽകണമെന്ന് കമ്മിഷൻ 2018 സെപ്തംബർ 13 ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് ഉപമേധാവി കമ്മിഷനിൽ റിവ്യൂ ഹർജി നൽകിയത്.
ബീഹാർ - ഹീരാലാൽ കേസിൽ പെൻഷൻ ഔദാര്യമല്ല അവകാശമാണെന്ന് സുപ്രീം കോടതി വിധിച്ച കാര്യം കമ്മിഷൻ ഉത്തരവിൽ സൂചിപ്പിച്ചു. പെൻഷൻ നൽകണമെന്ന് കമ്മിഷൻ 2018 ൽ ഉത്തരവിട്ടിട്ടും 2020 കഴിയുമ്പോഴും അത് നൽകാതിരിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.