മുക്കം: യു.ഡി.എഫും എൽ.ഡി.എഫും15 വീതം സീറ്റുമായി ഒപ്പത്തിനൊപ്പമെത്തിയ മുക്കം നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നിലനിറുത്താൻ സാദ്ധ്യത തെളിഞ്ഞു.
ഒരു മുന്നണിയ്ക്കും കേവല ഭൂരിപക്ഷമില്ലാതെ അനിശ്ചിതത്വത്തിലായ ഇവിടെ മുപ്പതാം ഡിവിഷനിൽ മുസ്ലീം ലീഗ് വിമതനായി മത്സരിച്ച് ജയിച്ച സ്വതന്ത്രൻ മുഹമ്മദ് അബ്ദുൽ മജീദ് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടതുമുന്നണി നേതാക്കൾ മുഹമ്മദ് അബ്ദുൽ മജീദുമായി നടത്തിയ ചർച്ചയ്ക്ക് പിറകെയായിരുന്നു പിന്തുണ പ്രഖ്യാപനം.
ആകെ 33 ഡിവിഷനുകളുള്ള നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 15 വീതം സീറ്റുകളാണ് ലഭിച്ചത്.രണ്ടു സീറ്റ് എൻ.ഡി.എ സ്വന്തമാക്കി. ഇതാണ് രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയാക്കിയത്. കേവല ഭൂരിപക്ഷത്തിനുള്ള 17 സീറ്റ് തികയ്ക്കാൻ ഇനിയും കഴിയില്ലെങ്കിലും വെൽഫെയർ പാർട്ടി - യു.ഡി.എഫ് സഖ്യത്തെ ബി.ജെ.പി പിന്തുണക്കില്ലെന്നും അവരുടെ രണ്ടംഗങ്ങൾ തിിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നും കരുതുന്നു. അങ്ങനെയെങ്കിൽ സ്വതന്ത്രന്റെ പിന്തുണയോടെ എൽ.ഡി.എഫിന്റെ അംഗസംഖ്യ 16ലെത്തും.