സുൽത്താൻ ബത്തേരി : ബത്തേരി നഗരസഭയിലെ തൊടുവട്ടി ഡിവിഷനിൽ ഇന്ന് റീപോളിംഗ് നടക്കും. വോട്ടിംഗ് യന്ത്രം തകരാറിലായതോടെ കഴിഞ്ഞ ദിവസം ഫലം വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെയാണ് ഇവിടെ വീണ്ടും റീപോളിംഗ് നടത്താൻ ഇലക്ഷൻ കമ്മിഷൻ ഉത്തരവായത്. ഇന്ന് കാലത്ത് 7 മണിക്ക്‌ പോളിംഗ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ്. രാത്രി തന്നെ ഫലപ്രഖ്യാപനവും നടത്തും.
ഇലക്‌ട്രോണിക്‌വോട്ടിംഗ് യന്ത്രത്തിലെ രണ്ടെണ്ണം എണ്ണിക്കഴിഞ്ഞപ്പോഴാണ് അവശേഷിച്ച മൂന്നാമത്തെ യന്ത്രം പണിമുടക്കിയത്. തുടർന്നായിരുന്നു ജില്ലാ കലക്ടറുടെ ശുപർശയെ തുടർന്ന് ഇലക്ഷൻ കമ്മിഷൻ റീപോളിംഗിന് ഉത്തരവിട്ടത്. ഇന്നലെ വിജയിച്ച സ്ഥാനാർത്ഥികളെയും കൊണ്ട് പാർട്ടി പ്രവർത്തകർ നന്ദി പറയുന്നതിനായി വീട് വീടാന്തരം കയറി ഇറങ്ങുമ്പോൾ നഗരസഭയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്,എൻ.ഡി.എ പ്രവർത്തകരും സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആളുകളും ഇന്നലെ പൊരിഞ്ഞ വോട്ട് പിടുത്തമായിരുന്നു. നഗരസഭയിൽ 23 സീറ്റ്‌ നേടിയ ഇടതു മുന്നണി ഭരണം നിലനിർത്തിയെങ്കിലും തൊടുവട്ടി ഡിവിഷൻകൂടി പിടിച്ചെടുത്ത് നഗരസഭയിൽ എൽ.ഡി.എഫിന്റെ ആധിപത്യം വർദ്ധിപ്പിക്കാനാണ് നീക്കം. നഗരസഭയിൽ തീർത്തും പരാജയപ്പെട്ടുപോയ യു.ഡി.എഫിന് ഒരു സീറ്റ്കൂടി നേടി എണ്ണം പതിനൊന്നാക്കാമെന്ന കണക്കുകൂട്ടലാണ്.
യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായ അസീസ് മാടലയും എൽ.ഡി.എഫിലെ പി.എം.ബീരാനും തമ്മിലാണ് മുഖ്യപോരാട്ടമെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായ അസൈനാറാണ് ഇരുമുന്നണികൾക്കും ഭീഷണിയായി നിലകൊള്ളുന്നത്.എൻ.ഡി.എയുടെ എ.എം.സുധീറും മൽസര രംഗത്തുണ്ട്.