കോഴിക്കോട്: ഇത്തവണ വനിതാ സാരഥ്യത്തിലേക്ക് മാറിയ കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് എൽ.ഡി.എഫ് നിരയിൽ ഉയർന്നുവരുന്നത് മുഖ്യമായും രണ്ടു പേരുകൾ. മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.എസ്. ജയശ്രീ, നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ ബീന ഫിലിപ്പ് എന്നിവരെ പരിഗണിക്കുന്നത്. കോട്ടൂളി ഡിവിഷനിൽ നിന്ന് ജയശ്രീ തിരഞ്ഞെടുക്കപ്പെട്ടത് 798 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 652 വോട്ടിന്റെ ഭൂരിപക്ഷവുമായി പൊറ്റമ്മൽ ഡിവിഷനിൽ നിന്നാണ് ബീന ഫിലിപ്പ് കൗൺസിലിലെത്തുന്നത്.
കോർപ്പറേഷനിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള കപ്പക്കൽ ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.പി.മുസാഫർ അഹമ്മദിനാണ് ഡെപ്യൂട്ടി മേയർ പദവിയ്ക്ക് സാദ്ധ്യതയേറെ. 1306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് കൗൺസിലറായി പ്രവർത്തിച്ച അനുഭവസമ്പത്ത് കൂടിയുണ്ട് മുസാഫിർ അഹമ്മദിന്. നേരത്തെ കോഴിക്കോട് സൗത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു ഇദ്ദേഹം. ചെറുവണ്ണൂർ വെസ്റ്റിൽ നിന്ന് വിജയിച്ച വികസനകാര്യ സ്ഥിരംസമിതി മുൻ അദ്ധ്യക്ഷൻ പി.സി. രാജനും പരിഗണനാ ലിസ്റ്റിലുണ്ട്.
സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനങ്ങളിൽ ഓരോന്ന് വീതം സി.പി.ഐക്കും എൽ.ജെ.ഡിയ്ക്കും എൻ.സി.പിയ്ക്കും നൽകിയേക്കും. നാല് അദ്ധ്യക്ഷസ്ഥാനം സി.പി.എം ഏറ്റെടുക്കും.
സി.പി.ഐയിൽ നിന്ന് പി.കെ.നാസറും എൽ.ജെ.ഡിയിൽ നിന്ന് എൻ.സി മോയിൻകുട്ടിയും എൻ.സി.പി യിൽ നിന്ന് എസ്.എം. തുഷാരയും അദ്ധ്യക്ഷരായേക്കും. ജനറൽ വിഭാഗത്തിൽ അദ്ധ്യക്ഷസ്ഥാനം സി.പി.എമ്മിൽ നിന്ന് ഒരാൾക്കേ ലഭിക്കൂ എന്നത് വെല്ലുവിളിയായി മാറും.