guru

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം അറബിക് ഭാഷയിൽ വൈകാതെ പുറത്തിറങ്ങും. ഗവേഷണ വിദ്യാർത്ഥിയായ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി കെ.എം അലാവുദ്ദീൻ രചിച്ചതാണ് 'ശ്രീനാരായണ ഗുരു : ഖിസ്സത്തു നാസികിൻ ഹിന്ദി യ്യിൻ" എന്ന ഗ്രന്ഥം. 133 പേജുള്ള പുസ്തകം നാലു അദ്ധ്യായങ്ങളോടെയാണ്. ഈജിപ്തിലെ ദാറുൽ ബഷീറാണ് പ്രസാധകൻ.

വിശ്വ ഗുരുവിനെ എല്ലാ മതങ്ങളും അംഗീകരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ഇങ്ങനെയൊരു ദൗത്യത്തിന് മുതിർന്നതെന്ന് അലാവുദ്ദീൻ പറയുന്നു. ഗുരുവിന്റെ ദർശനം ഗൾഫ് രാജ്യങ്ങളിൽ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട്. കേരളത്തിലെ അറബിക് പഠന ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ ജീവചരിത്രം പൂർത്തിയാക്കാൻ നിരവധി ഗ്രന്ഥങ്ങൾ റഫർ ചെയ്തിരുന്നു. കൂടുതൽ അറിയുമ്പോൾ ഗുരു ദർശനങ്ങളോടുള്ള അടുപ്പം കൂടുകയാണ്.

മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എം. ഫിൽ ബിരുദവും നേടിയ അലാവുദ്ദീൻ , എം.മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" നോവൽ അറബിക് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. അറബ് ലോകത്തെ ധൈഷണിക പ്രതിഭ ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി, ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവരുടെ ജീവചരിത്രം രചിച്ചിട്ടുണ്ട്. വിഖ്യാത അറബിക് കവി ശിഹാബ് ഗാനിമിന്റെ കവിതാ സമാഹാരം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട് .