
ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഇനി ആര് ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും.
ആകെയുള്ള 23 വാർഡുകളിൽ യു.ഡി.എഫും എൽ.ഡി.എഫും 10 വീതം സീറ്റ് നേടി സമനിലയിലെത്തുകയായിരുന്നു. 3 സീറ്റുകൾ ബി.ജെ.പി സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിന് 12 സീറ്റ് വേണമെന്നിരിക്കെ ബി.ജെ.പി.യുടെ പിന്തുണയില്ലാതെ ഒരു മുന്നണിയ്ക്കും അധികാരത്തിലേറാനാവില്ല.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടു നിന്നാൽ പോലും നറുക്കെടുപ്പിലൂടെ മാത്രമെ ആർക്കായാലും അധികാരത്തിൽ വരാൻ കഴിയൂ. അങ്ങിനെ നറുക്കിന്റെ ബലത്തിൽ ഭരണത്തിലെത്തിയാലും ബി.ജെ.പി യുടെ ഉറച്ച സാന്നിദ്ധ്യമുള്ളിടത്തോളം ഭരണം തുടരുക എളുപ്പമല്ല. അഥവാ ആർക്കെങ്കിലും ബി.ജെ.പി പിന്തുണ നൽകിയാൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭരണത്തിൽ കയറുന്നവർ നിർബന്ധിതരായേക്കും.
എൽ.ജെ.ഡി യ്ക്ക് സീറ്റ് നിഷേധിച്ചതാണ് ഇത്തവണ ഉണ്ണികുളത്ത് എൽ.ഡി.എഫിന് ഭൂരിപക്ഷം ചോരാനിടയാക്കിയത്. എൽ.ഡി.എഫിന് 19, 20, 21, 22 വാർഡുകൾ നഷ്ടമായതിന് കാരണം എൽ.ജെ.ഡി പ്രവർത്തകർ മുഖം തിരിച്ചതു തന്നെ. ഈ വാർഡുകളിൽ നിർണായക സ്വാധീനമുണ്ടായിട്ടും തങ്ങൾക്ക് അർഹമായ പരിഗണ കിട്ടിയില്ലെന്നതിൽ കടുത്ത അമർഷമുണ്ടായിരുന്നു അണികൾക്ക്. നേതാക്കൾ എൽ.ഡി.എഫിന്റെ ഭാഗമായി നീങ്ങിയെങ്കിലും അണികൾക്ക് അത് ഉൾക്കൊള്ളാനായില്ല. ഇത് ഫലത്തിൽ പ്രകടമായി പ്രതിഫലിക്കുകയായിരുന്നു.