മുക്കം: മുക്കം നഗരസഭയിലെ വട്ടോളിപറമ്പ് - പുൽപറമ്പ് തോട് 50 മീറ്ററോളം നീളത്തിൽ കെെയേറി കോൺക്രീറ്റ് ചെയ്ത് നിർമ്മാണ പ്രവൃത്തി നടത്തിയതായി കണ്ടെത്തി. അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകിയതായി നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് വ്യക്തമാക്കി.
നഗരസഭയും കൃഷി വകുപ്പും ചേർന്നു നടത്തിയ പരിശോധനയിലാണ് തോടിന്റെ മുക്കാൽ ഭാഗവും മൂടുന്ന രീതിയിൽ കോൺക്രീറ്റ് പ്രവൃത്തി നടത്തിയതായി ബോദ്ധ്യപ്പെട്ടത്. വട്ടോളിപറമ്പിൽ നിന്ന് ആരംഭിച്ച് മണാശ്ശേരിയിലൂടെ ഒഴുകി പുൽപറമ്പിൽ ഇരുവഞ്ഞി പുഴയിൽ ചെന്നു ചേരുന്ന തോട്ടിൽ മണാശേരി അങ്ങാടിയ്ക്കടുത്തുള്ള സ്ഥലത്താണ് കൈയേറ്റം.
ഈ തോടിനെ ആശ്രയിച്ച് ഏതാനും ജലസേചനപദ്ധതികളും കുടിവെള്ള പദ്ധതികളുമുണ്ട്. 52 ലക്ഷം രൂപയുടെ നായർകുഴി ആയിപ്പറ്റ ഇറിഗേഷൻ പദ്ധതിയ്ക്ക് രണ്ട് മാസം മുമ്പാണ് അംഗീകാരം ലഭിച്ചത്. പുൽപറമ്പ്, ചേന്ദമംഗലൂർ പ്രദേശങ്ങളിൽ വയലുകളിലെ നെൽകൃഷിയും ഈ തോടിനെ ആശ്രയിച്ചാണ്.
അനധികൃത നിർമ്മാണം നടന്ന സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നു നീക്കം ചെയ്യാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കൃഷി ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ജില്ല കളക്ടർക്കും തഹസിൽദാർക്കും മൈനർ ഇറിഗേഷൻ വകുപ്പിനും റിപ്പോർട്ട് അയച്ചിട്ടുമുണ്ട്.
സെക്രട്ടറി എൻ.കെ.ഹരീഷ്, മുനിസിപ്പൽ എൻജിനിയർ പി.എം കൃഷ്ണൻകുട്ടി, കൃഷി ഓഫീസർ ഡോ. പ്രിയ മോഹൻ, ഓവർസിയർ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.