കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ പുതിയ സാരഥിയാവാൻ പൊറ്റമ്മൽ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബീന ഫിലിപ്പിന് സാദ്ധ്യതയേറി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.പി.മുസാഫർ അഹമ്മദ് തന്നെയായിരിക്കും ഡെപ്യൂട്ടി മേയറാവുകയെന്നാണ് സൂചന.
മേയർ സ്ഥാനത്തിന്റെ കാര്യത്തിൽ സി.പി.എം സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. 21ന് കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം തീരുമാനം വന്നേക്കും.
മേയർ സ്ഥാനത്തേക്ക് എൽ.ഡി.എഫിൽ നിന്ന് ബീന ഫിലിപ്പിന്റെയും കോട്ടൂളിയിൽ നിന്ന് വിജയിച്ച മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.എസ്. ജയശ്രീയുടെയും പേരുകളാണ് നേരത്തെ ഉയർന്നുവന്നിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബീന ഫിലിപ്പിന്റെ പേരിനാണ് പ്രാമുഖ്യം കൂടുതൽ . കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയായി മാറിയ നഗരത്തിലെ നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്നതിന്റെ പരിചയം ഉൾപ്പെടെ പരിഗണിച്ചാണ് ബീന ഫിലിപ്പിനെ പരിഗണിക്കുന്നത്. 652 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ കൗൺസിലിലെത്തുന്നത്. ഹൈമവതി തായാട്ട്, എ.കെ. പ്രേമജം എം.എം. പത്മാവതി എന്നിവരാണ് നേരത്തെ മേയർ പദവിയിലെത്തിയ വനിതകൾ.
മുമ്പ് കൗൺസിലറായി പ്രവർത്തിച്ച അനുഭവസമ്പത്ത് കൂടിയുണ്ട് കപ്പക്കൽ ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.മുസാഫർ അഹമ്മദിന്. നേരത്തെ ഇദ്ദേഹം കോഴിക്കോട് സൗത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നെങ്കിലും ഡോ.എം.കെ. മുനീറിനോട് പരാജയപ്പെടുകയായിരുന്നു.
സി.പി.ഐയിൽ നിന്ന് പി.കെ.നാസറും എൽ.ജെ.ഡി യിൽ നിന്ന് എൻ.സി മോയിൻകുട്ടിയും എൻ.സി.പി യിൽ നിന്ന് എസ്.എം. തുഷാരയും സ്ഥിരം സമിതി അദ്ധ്യക്ഷരായേക്കും. സി.പി.എമ്മിൽ നിന്ന് വികസനകാര്യ സ്ഥിരംസമിതി മുൻ അദ്ധ്യക്ഷൻ പി.സി. രാജൻ, എലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. മോഹൻദാസ്, എം.പി.സുരേഷ് ,എം.സി അനിൽകുമാർ, എം.പി. ഹമീദ്, കെ.കൃഷ്ണകുമാരി, സുജാത കൂടത്തിങ്കൽ,തോട്ടുങ്ങൽ രജനി, എൻ. ജയഷീല എന്നിവർ പരിഗണനാ ലിസ്റ്റിലുണ്ട്.
21ന് രാവിലെ 11.30ന് ടാഗോർ ഹാളിലാണ് സത്യപ്രതിജ്ഞ. ജില്ല കളക്ടർ എസ്. സാംബശിവറാവു മുതിർന്ന അംഗത്തിന് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് മറ്റുള്ള അംഗങ്ങൾക്ക് മുതിർന്ന അംഗമായിരിക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.