
സുൽത്താൻ ബത്തേരി : യന്ത്രത്തകരാറിനെ തുടർന്ന് റീപോളിംഗ് നടന്ന ബത്തേരി നഗരസഭയിലെ തൊടുവട്ടി ഡിവിഷനിൽ യു.ഡി.എഫിലെ അസീസ് മാടാല വിജയിച്ചു. 136 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
391 വോട്ട് നേടിയപ്പോൾ കർഷകമുന്നണി പിൻതുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായ അസൈനാർ 255 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. എൽ.ഡി.എഫിലെ പി.എം.ബീരാന് 167 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. എൻ.ഡി.എ സ്ഥാനാർത്ഥി വി.എം.സുധീറിന് 16 വോട്ടു ലഭിച്ചു.
കഴിഞ്ഞ തവണ ഇവിടെ നിന്ന് കോൺഗ്രസിലെ ഷൈലജ സോമനായിരുന്നു 322 വോട്ട് നേടി വിജയിച്ചത്. 7 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതു സ്വന്ത്രനായ ബിന്ദുമോളെ പരാജയപ്പെടുത്തിയത്. ഒരു സീറ്റുകൂടി യു.ഡി.എഫിന് ലഭിച്ചതോടെ നഗരസഭയിൽ യു.ഡി.എഫിന്റെ അംഗ സംഖ്യ 11 ആയി ഉയർന്നു. നേരത്തെ തന്നെ വ്യക്തമായ ലീഡോടുകൂടി ഇടതുമുന്നണി ബത്തേരി നഗരസഭയുടെ അധികാരം നിലനിർത്തിയിരുന്നു. ആകെയുള്ള 35 ഡിവിഷനിൽ ഇടതുമുന്നണിക്ക് 23 സീറ്റുകളാണുളളത്. ഒരു സീറ്റ് സ്വതന്ത്ര നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം വോട്ടെണ്ണുന്നതിനിടെ യന്ത്രം തകരാറിലായതോടെയാണ് ഇവിടെ വീണ്ടും പോളിംഗ് നടത്തി ഫലപ്രഖ്യാപനംനടത്താൻ ഇലക്ഷൻ കമ്മിഷൻ ഉത്തരവായത്. രണ്ട് മിഷനിലെ വോട്ട് എണ്ണി കഴിഞ്ഞ് മൂന്നാമത്തെ മിഷനിലെ വോട്ട് എണ്ണാൻ തുടങ്ങിയപ്പോഴാണ് വോട്ടിംഗ് യന്ത്രം പ്രവർത്തനരഹിതമായത്. ഇതോടെ യന്ത്രത്തിലുള്ള വോട്ട് എണ്ണാൻ കഴിയാതെ വരുകയായിരുന്നു. ജില്ലാ വരണാധികാരയായ ജില്ലാ കലക്ടറുടെ ശുപാർശയെതുടർന്നാണ് കമ്മിഷൻ റീപോളിംഗിന് ഉത്തരവിട്ടത്.