പുൽപ്പള്ളി: പാട്ടുപാടിയും ചെണ്ട കൊട്ടിയും വോട്ട് തേടിയ ചന്ദ്രബാബുവിന് വൻവിജയം. തന്നെ വിജയിപ്പിച്ചവർക്ക് നന്ദി പ്രകാശിപ്പിക്കാനായി വീണ്ടും ചന്ദ്രബാബു ചെണ്ട കൊട്ടിയും പാട്ടുപാടിയും വീടുകളിലെത്തി.
മുള്ളൻകൊല്ലി പഞ്ചായത്തിലെ മുള്ളൻകൊല്ലി വാർഡിൽ നിന്ന് വിജയിച്ച ചന്ദ്രബാബു 150-ഓളം വോട്ടുകൾക്കാണ് വിജയിച്ചത്.
ചെണ്ട തന്റെ ചിഹ്നമല്ലെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ചന്ദ്രബാബു തുടക്കം മുതൽക്കുതന്നെ പാട്ടുപാടിയും ചെണ്ട കൊട്ടിയുമായിരുന്നു വീടുകളിൽ എത്തിയത്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നാടൻ പാട്ടുകാരനും വാദ്യകലാകാരനുമാണ് ചന്ദ്രബാബു. തന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ചന്ദ്രബാബു വീടുകൾ തോറും പ്രവർത്തകർക്കൊപ്പം നന്ദി പ്രകാശിപ്പിക്കാൻ പോവുകയാണ്.