
കോഴിക്കോട്: കൊവിഡ് ഭീതിയിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുന്നത് വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതാണെങ്കിലും അദ്ധ്യാപകരിലും രക്ഷിതാക്കളിലും ആശങ്ക ഉയർത്തുന്നു.
നിലവിലെ ഓൺലൈൻ ക്ലാസുകളിൽ ഇനിയും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ഉള്ളതാണ് അദ്ധ്യാപകരയും രക്ഷിതാക്കളെയും കുഴപ്പിക്കുന്നത്.
ഡിസംബറിൽ എല്ലാ പാഠങ്ങളും ഓൺലൈനായി പഠിപ്പിച്ച് ജനുവരി മുതൽ രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് റിവിഷൻ ക്ലാസുകൾ സ്‌കൂളിൽ വച്ച് നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ചിലും നടത്തും.
ഇതിനായി സ്‌കൂളുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഒന്നിടവിട്ട ദിവസങ്ങളിൽ പ്രാക്ടിക്കൽ, റിവിഷൻ, സംശയ ദൂരീകരണം എന്നിങ്ങനെയാണ് അദ്ധ്യായനം ആരംഭിക്കുന്നത്.
ക്ലാസ് മുറികളിൽ കുട്ടികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പു വരുത്തുന്നത് തങ്ങൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് അദ്ധ്യാപകർ പറയുന്നു. കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കുട്ടികൾ സ്‌കൂളുകളിലേക്ക് എത്തുന്നതും ഭീതി വർദ്ധിപ്പിക്കുന്നു. പൊതുപരീക്ഷകൾ മാർച്ച് മാസത്തിൽ തന്നെ നടത്തുമെന്ന സർക്കാർ തീരുമാനത്തോടും ഒരു വിഭാഗം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിയോജിപ്പാണ്. സിലബസിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഓൺലൈൻ ക്ലാസ് വഴി പൂർത്തിയാക്കാൻ സാധിച്ചത്. ക്ലാസ് എന്നതിലുപരി പരീക്ഷാ കാലത്തിലേക്കാണ് കുട്ടികൾ കാലെടുത്ത് വയ്ക്കുന്നത്. എല്ലായ്പോഴും പരീക്ഷാക്കാലം സമർദ്ദത്തിന്റേതാണ്. ഇത്തവണ പാഠഭാഗങ്ങൾ പൂർത്തിയാകാത്ത അവസ്ഥയിൽ പരീക്ഷയെ നേരിടേണ്ടിവരുന്നത് കുട്ടികളിലെ സമ്മർദ്ദം വർദ്ധിപ്പിച്ചേക്കും. മാസങ്ങളായി തുടരുന്ന ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ അലസത പ്രകടമാണ്. ഇതേ മനോഭാവം സ്കൂളിൽ എത്തിയാലും കുറച്ചു നാൾ തുടരാനുള്ള സാദ്ധ്യതയുമുണ്ട്.
വെല്ലുവിളികൾ ഇവ
പല സ്കൂളുകളും വൃത്തിയാകേണ്ടതുണ്ട്.
പരീക്ഷയ്ക്ക് ചോദ്യം വരുന്ന പാഠഭാഗങ്ങൾ പലതും ആരംഭിച്ചിട്ടില്ല
സമയബന്ധിതമായി സിലബസ് പൂർത്തിയാക്കുന്നത് വെല്ലുവിളി
കുട്ടികളുടെ നിലവാരം തകരുമോ എന്ന് ആശങ്ക
സാമൂഹിക അകലം കുട്ടികൾക്കിടയിൽ ഉറപ്പാക്കുക പ്രയാസകരം
" മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ തുറക്കുന്നതിൽ ആശ്വാസമാണ്. അതേ സമയം സ്കൂൾ തുറക്കുമ്പോൾ സാമൂഹികഅകലവും പരീക്ഷയെക്കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷനാണ്.
വിജി
രക്ഷിതാവ്