കൽപറ്റ: കൽപ്പറ്റ നഗരസഭയിലെ 28 ഡിവിഷനുകളിൽ 15 എണ്ണത്തിൽ വിജയിച്ചത് യു.ഡി.എഫ് ആണെങ്കിലും വോട്ട് കൂടുതൽ നേടിയത് എൽ.ഡി.എഫ്. എല്ലാ ഡിവിഷനുകളിലുമായി പോൾ ചെയ്ത 19,381 വോട്ടിൽ 8,842 എണ്ണം (45.62 ശതമാനം) ഇടതുമുന്നണി നേടി. 8151 വോട്ടാണ് (42.05 ശതമാനം) യു.ഡി.എഫിനു ലഭിച്ചത്. 691 വോട്ടിന്റെ അന്തരമാണ് ഇരു മുന്നണികളും തമ്മിൽ. 1,492 വോട്ട് ബി.ജെ.പിക്കു കിട്ടി (7.69 ശതമാനം).
നഗരസഭയിൽ സി.പി.എമ്മിലെ പി.എ.സബീറിനാണ് ഉയർന്ന ഭൂരിപക്ഷം. 23ാം ഡിവിഷനായ അഡ്‌ലെയ്ഡിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക്കുമായി മത്സരിച്ച സബീർ 364 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പോൾ ചെയ്ത 879 വോട്ടിൽ 571 എണ്ണം സബീർ നേടി. ജോഷിക്ക് 207 വോട്ട് ലഭിച്ചു.
തുർക്കി ഡിവിഷനിലായിരുന്നു ഏറ്റവും വാശിയേറിയ പോരാട്ടം. സി.പി.ഐയിലെ ഹംസയുമായി മത്സരിച്ച കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും മുനിസിപ്പൽ മുൻ ചെയർമാനുമായ പി.പി.ആലി മൂന്നു വോട്ടിന്റെ വ്യത്യാസത്തിൽ തോറ്റു. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനുള്ള വിജയവും ഹംസയുടേതാണ്. പോൾ ചെയ്ത 868 വോട്ടിൽ 402 എണ്ണം ഹംസയ്ക്കു ലഭിച്ചു. ആലി 399 വോട്ട് നേടി. ബി.ജെ.പിയിലെ ശ്യാം ബാബുവിനു ലഭിച്ചത് 13 വോട്ട്.
26ാം ഡിവിഷനായ എടഗുനിയിൽ മത്സരിച്ച നിജിതയ്ക്കാണ് മികച്ച രണ്ടാമത്തെ ഭൂരിപക്ഷം- 353 വോട്ട്. പോൾ ചെയ്ത 734 വോട്ടിൽ 518 നിജിത നേടി. കോൺഗ്രസിലെ ജമീല ലത്തീഫിന് 165ഉം ബി.ജെ.പിയിലെ ജിഷയ്ക്ക് 51ഉം വോട്ട് കിട്ടി.
മടിയൂർക്കുനി ഡിവിഷനിൽ കോൺഗ്രസിലെ വിനോദ്കുമാർ ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വിനോദിന് 266ഉം എതിർസ്ഥാനാർഥി പ്രമോദിന് 260ഉം വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ ശാന്തകുമാരിക്ക് 91 വോട്ട് കിട്ടി.
നെടുങ്ങോട്, റാട്ടക്കൊല്ലി, പുത്തൂർവയൽ ക്വാറി, പള്ളിത്താഴെ, പെരുന്തട്ട ഡിവിഷനുകളിൽ 30ൽ താഴെ വോട്ടാണ് ഭൂരിപക്ഷം. പെരുന്തട്ടയിൽ കോൺഗ്രസിലെ സുഭാഷ് 29 വോട്ടിനാണ് മുനിസിപ്പൽ മുൻ ചെയർപേഴ്സൺ സി.പി.എമ്മിലെ സനിത ജഗദീഷിനെ പിന്നിലാക്കിയത്.
മണിയങ്കോട്,പുളിയാർമല,കൈനാട്ടി ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.
നഗരസഭയിൽ മുസ്ലിംലീഗ് 9, കോൺഗ്രസ് 6, സി.പി.എം 9, സി.പി.ഐ 9, എൽ.ജെ.ഡി 2 എന്നിങ്ങനെയാണ് കക്ഷിനില.
മുസ്ലിംലീഗും കോൺഗ്രസും ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനം പങ്കുവയ്ക്കും. ചെയർമാൻ സ്ഥാനം ആദ്യം മുസ്ലിം ലീഗിന് ലഭിക്കാനാണ് സാധ്യത. എമിലി ഡവിഷനിൽ വിജയിച്ച കെയെംതൊടി മുജീബ്, എമിലിത്തടം ഡിവിഷനിൽ വിജയിച്ച അഡ്വ.എ.പി.മുസ്തഫ എന്നിവരാണ് ചെയർമാൻ പദവിയിലേക്ക് ലീഗിന്റെ പരിഗണനയിൽ.
ചെയർമാൻ സ്ഥാനം ആദ്യം കോൺഗ്രസിനു ലഭിച്ചാൽ മുനിസിപ്പൽ ഓഫീസ് ഡിവിഷനിൽ വിജയിച്ച കെ.പി.സി.സി സെക്രട്ടറി അഡ്വ.ടി.ജെ.ഐസക്കിനായിരിക്കും പ്രഥമ പരിഗണന. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കു മുസ്ലിംലീഗ് അമ്പിലേരി ഡിവിഷനിൽ വിജയിച്ച റഹ്യാനത്ത് വടക്കേതിൽ,പുൽപ്പാറ ഡിവിഷനിൽനിന്നുള്ള സാജിത മജീദ് എന്നിവരെയും കോൺഗ്രസ് കന്യാഗുരുകുലം ഡിവിഷനിൽനിന്നുള്ള ആയിഷ പള്ളിയാൽ,പുതിയ ബസ്‌സ്റ്റാൻഡ് ഡിവിഷനിൽനിന്നുള്ള കെ.അജിത എന്നിവരെ പരിഗണിക്കും.