മാനന്തവാടി: മാനന്തവാടി നഗരസഭയിൽ അധികാരത്തിലേറുന്ന യു.ഡി.എഫിനെ കാത്തിരിക്കുന്നത് പ്രകടനപത്രികയിലെ കിറാമുട്ടികൾ. കഴിഞ്ഞ പത്ത് വർഷം രണ്ടു മുന്നണികളും തുടങ്ങി വെച്ച് പാതിവഴിയിലായ പദ്ധതികൾ പൂർത്തികരിക്കാൻ പുതിയ ഭരണസമിതി എറെ പ്രയാസപ്പെടും.

എൽ.ഡി.എഫിന് ഭരണം ലഭിച്ചിട്ടും പ്രകടനപത്രികയിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും നടപ്പാക്കിയിരുന്നില്ല. യു.ഡി.എഫിന്റെ ഇപ്പോഴത്തെ പ്രകടനപത്രികയിലെ മിക്ക വാഗ്ദാനങ്ങളും 2015ലെ പ്രകടനപത്രികയ്ക്ക് സമാനമാണ്. എന്നാൽ ഇവ നടപ്പാക്കാൻ കടമ്പകൾ ഏറെയാണ്.

2015ലെ യു.ഡി.എഫ് പ്രകടനപത്രികയിൽ മാനന്തവാടി ക്ലബ്ബ് കുന്നിലുള്ള ടൗൺഹാൾ പുനർനിർമ്മിക്കുമെന്ന് പറഞ്ഞിരുന്നു. 2015ൽ എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലും ഈ വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ സ്ഥലവുമായി ബന്ധപ്പെട്ട് നിയമ പ്രശ്നമുള്ളതിനാൽ ടൗൺ ഹാൾ നിർമ്മാണം എളുപ്പമാവില്ല.

2015ൽ ഇരു മുന്നണികളും മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നുവെങ്കിലും 50% ഫണ്ട് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുമായിരുന്ന ഈ പദ്ധതി നടപ്പാക്കിയില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് എൽ.ഡി.എഫിനെതിരെ കുറ്റപത്രമിറക്കിയത്.

എൽ.ഡി.എഫ് ഭരണകാലത്ത് തുടങ്ങിയ മത്സ്യ,മാംസ മാർക്കറ്റിനെതിരെ നിരവധി ആരോപണങ്ങൾ യു.ഡി.എഫ് ഉന്നയിച്ചിരുന്നു. മാർക്കറ്റ് ആധുനിക രീതിയിൽ അല്ലെന്നും വൻ ക്രമക്കേടുകൾ നടന്നു എന്നുമായിരുന്നു ആരോപണം. മാർക്കറ്റ് ആധുനികമാക്കേണ്ട ഉത്തരവാദിത്തം പുതിയ ഭരണസമിതിക്കുണ്ടാവും.

കുടാതെ ഇരുമുന്നണികളും പ്രകടനപത്രികയിൽ പറഞ്ഞിരുന്ന വൈദ്യുതി ശ്മശാനം, മാനന്തവാടി ടൗണിൽ ശൗചാലയം, ബസ് വെയ്റ്റിംഗ് ഷെഡ്, വയോധികർക്കുള്ള വിശ്രമകേന്ദ്രം, പാർക്കിംഗ് സൗകര്യം, പുതിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവയൊന്നും നടപ്പാക്കാൻ കഴിഞ്ഞില്ല.

യു.ഡി.എഫ് അധികാരത്തിൽ എത്തുന്നതോടെ ഇതെല്ലാം നടപ്പാക്കുമോ എന്ന് കാത്തിരിക്കുകയാണ് മാനന്തവാടി നഗരസഭയിലെ ജനങ്ങൾ.