കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ പ്രമേയം പാസാക്കി. കർഷകർക്കായി നിലവിൽ സർക്കാർ നിരവധി സബ്സിഡികളും വില നിയന്ത്രണ സംവിധാനങ്ങളും നടപ്പാക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ ഇത്തരം ഇടപടലുകൾ കർഷകർക്ക് വളരെ സഹായകരമാണ്. എന്നാൽ ജനാധിപത്യ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന ഏകീകൃത കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കും. കർഷകരെ ചൂഷണം ചെയ്യുന്ന ഇത്തരം നിയമങ്ങൾ പിൻവലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.