കോഴിക്കോട്: കൊവിഡ് കാലത്ത് പോരിനിറങ്ങി വിജയരഥമേറിയവർ ഇന്ന് അധികാരപീഠത്തിലേക്ക്. മുന്നൊരുക്കത്തിലും പ്രചാരണത്തിലും ഫല പ്രഖ്യാപനത്തിലും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. പുതിയ ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഏറെ ശ്രദ്ധിക്കപ്പെടും. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ രാവിലെ 10 മണിക്കും കോർപ്പറേഷനിൽ രാവിലെ 11.30നുമാണ് സത്യപ്രതിജ്ഞ. കോഴിക്കോട് കോർപ്പറേഷനിലെ 75 വാർഡുകളിൽ തിരഞ്ഞെടുക്കപ്പെട്ട 51 എൽ.ഡി.എഫ് പ്രതിനിധികളും 17 യു.ഡി.എഫ് പ്രതിനിധികളും 7 എൻ.ഡി.എ പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുനിസിപ്പാലിറ്റികളിൽ നാലിടത്തെ യു.ഡി.എഫ് പ്രതിനിധികളും മൂന്നിടത്തെ എൽ.ഡി.എഫ് പ്രതിനിധികളും അധികാരത്തിലേറും. ജില്ലാ പഞ്ചായത്തിലെ 27 വാർഡുകളിൽ വിജയിച്ച 18 എൽ.ഡി.എഫ് പ്രതിനിധികൾ, 9 യു.ഡി.എഫ് പ്രതിനിധികൾ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക. ബ്ലോക്ക് പഞ്ചായത്തിലെ 10 എൽ.ഡി.എഫ് രണ്ട് യു.ഡി.എഫ് സാരഥികളും അധികാരത്തിലേറും. 70 പഞ്ചായത്തിലെ 45 ഇടങ്ങളിൽ എൽ.ഡി.എഫ് പ്രതിനിധികളും 25 ഇടത്ത് യു.ഡി.എഫ് പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ 10ാം തവണയാണ് കോർപ്പറേഷനിൽ എൽ.ഡി.എഫ് അധികാരത്തിലേറുന്നത്. കോർപ്പറേഷൻ മേയറായി ഡോ. ബീന ഫിലിപ്പിനെയും ഡെപ്യൂട്ടി മേയറായി മുസാഫർ അഹമ്മദിനെയുമാണ് എൽ.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്.അതെസമയം കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ മേയർ, ചെയർമാൻ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11 മണിക്കും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്കും നടക്കും. 30ന് രാവിലെ 11 മണിക്കാണ് ഗ്രാമ-ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.