പയ്യോളി: തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും വോട്ട് ചോർച്ചയും പയ്യോളി മുനിസിപ്പാലിറ്റിയിലെ എൽ.ജെ.ഡി പിളർപ്പിലേക്ക്. ഇന്നലെ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗം കയ്യാങ്കളിയിൽ അവസാനിച്ചു. മുനിസിപ്പാലിറ്റിയിലെ 33ാം വാർഡ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കൊളാവിപ്പാലം എൽ.ജെ.ഡിയിൽ രൂക്ഷമായ പ്രതിസന്ധി ഉടലെടുത്തിരുന്നു. കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷം നേടിയ ഈ ഡിവിഷനിൽ നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽ.ജെ.ഡി മത്സരിച്ച മറ്റ് 6 ഡിവിഷനിൽ ദയനീയ പരാജയവും ഏറ്റുവാങ്ങി. ഇത് വിലയിരുത്താനുള്ള യോഗത്തിലാണ് കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായത്. കൊളാവിപ്പാലം വിമത വിഭാഗത്തിൽ നിന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗ നടപടികൾ ആരംഭിച്ചതോടെ ഡിവിഷനിൽ നിന്ന് ഭാരവാഹികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും മറ്റുള്ളവർ പുറത്തു പോകണമെന്നുമുള്ള അദ്ധ്യക്ഷന്റെ ആവശ്യം പരാജയപ്പെട്ട സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റിനെ ചൊടിപ്പിച്ചു. ഇതോടെ നിയുക്ത പ്രസിഡന്റിനെ കൈകാര്യം ചെയ്യാനൊരുങ്ങി. കയ്യാങ്കളി തുടങ്ങിയതോടെ മുതിർന്ന നേതാക്കൾ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ മുനിസിപ്പാലിറ്റി ഭരണ സമിതിയിൽ നിന്ന് ഇടതുപക്ഷത്തേക്ക് മാറി ഭരണം എൽ.ഡി.എഫിന്റെ കൈകളിൽ ഏൽപിച്ചത് മുതലാണ് കൊളാവിപ്പാലം എൽ.ജെ.ഡിയിൽ പ്രശ്നങ്ങൾ തലപൊക്കിയത്. പിന്നീട് കോൺഗ്രസ് വിട്ട് എൽ.ജെ.ഡി ടിക്കറ്റിൽ മത്സരിക്കാനെത്തിയ സ്ഥാനാർത്ഥിയെ ചൊല്ലിയായി തമ്മിലടി. ഔദ്യോഗിക വിഭാഗം പൊതുജന വികാരം മാനിക്കാതെ സ്ഥാനാർത്ഥി നിർണയം നടത്തിയതിൽ മുതിർന്ന നേതാക്കളിലും പ്രതിഷേധമുണ്ടായി. പാർട്ടി ആനുകൂല്യം അനുഭവിച്ചവർ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് സാധാരണ പ്രവർത്തകർ ഉന്നയിക്കുന്നത്. ഇതിനിടെ പാർട്ടിയിലെ ഒരു വിഭാഗത്തിന് മേൽക്കൈയുള്ള ബാങ്കിലും അഴിച്ചുപണിക്ക് ഒരുങ്ങുന്നതായ സൂചനയുണ്ട്.