കോഴിക്കോട് : ജില്ലയിൽ ഷിഗെല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്. മെഡി.കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റേതാണ് കണ്ടെത്തൽ. എന്നാൽ കോട്ടാംപറമ്പ് ഭാഗത്ത് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടായത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് ഷിഗെല്ല രോഗലക്ഷണവുമായി ചികിത്സയിലുള്ളത്.
മുണ്ടിക്കൽതാഴം മേഖലയിൽ നടത്തിയ മെഡിക്കൽ കാമ്പിൽ 15പേർക്കാണ് കഴിഞ്ഞദിവസം ഷിഗെല്ല രോഗലക്ഷണം കണ്ടെത്തിയത്. ശനിയാഴ്ച കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം പ്രദേശത്തെ ഏതാനും കടകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ ആറ് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം ഇതൊക്കെയാണ് ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.