മുക്കം: ഇരു മുന്നണികളും തുല്യ സീറ്റുകൾ നേടിയ മുക്കം മുനിസിപ്പാലിറ്റിയിൽ സ്വതന്ത്രന്റെ നിലപാട് നിർണായകം. 33 അംഗ കൗൺസിലിൽ 15 വീതം സീറ്റുകൾ യു.ഡി.എഫും എൽ.ഡി.എഫും നേടിയപ്പോൾ ഒരു സീറ്റിൽ സ്വതന്ത്രനും രണ്ട് എൻ.ഡി.എ സ്ഥാനാർത്ഥികൾക്കുമായിരുന്നു വിജയം. എൻ.ഡി.എ അംഗങ്ങൾ ഇരുമുന്നണികൾക്കും പിന്തുണ നൽകാൻ സാദ്ധ്യതയില്ലാത്ത സാഹചര്യത്തിലാണ് സ്വതന്ത്രന്റെ നിലപാട് നിർണായകമാവുന്നത്. ഇതിനിടെ സ്വതന്ത്രന്റെ പിന്തുണയ്ക്കായി ഇരുകൂട്ടരും ചരടുവലികൾ നടത്തി തുടങ്ങി. മുസ്ലിം ലീഗിനെതിരെ റിബലായി മത്സരിച്ച് ഇടതു പിന്തുണയോടെ വിജയിച്ച സ്വതന്ത്രൻ മുഹമ്മദ് അബ്ദുൽ മജീദ് ഇടതു മുന്നണിക്കൊപ്പം നിൽക്കുമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നയുടൻ പറഞ്ഞതെങ്കിലും പിന്നീട് നിലപാട് മാറ്റി. മുക്കം അങ്ങാടിയിലെ വ്യാപാരികൾക്ക് ചില പ്രശ്നങ്ങളുണ്ടെന്നും പരിഹരിക്കുമെന്ന് ഉറപ്പു നൽകുന്നവർക്കൊപ്പം നിൽക്കുമെന്നും പറയുന്നു. സ്വതന്ത്രന്റെ ചാഞ്ചാട്ടം ഇരുമുന്നണികളെയും ആശയകുഴപ്പത്തിലാക്കുകയാണ്. ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കുംവരെ സ്വതന്ത്രന്റെ നിലപാടിൽ കണ്ണുനട്ടിരിക്കുകയാണ് മുന്നണികൾ.