കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നലെ ടാഗോർ സെന്റിനറി ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കിയ ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗമായ സി.പി.എമ്മിലെ എം.പി. ഹമീദിന് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മൂഴിക്കൽ ഡിവിഷൻ പ്രതിനിധിയായ ഇദ്ദേഹം ഹമീദ് ദൃഢപ്രതിജ്ഞയാണ് എടുത്തത്.
എം.പി. ഹമീദിന്റെയും തിരുത്തിയാട് ഡിവിഷനിൽ നിന്നുള്ള കൗൺസിലർ പി. ദിവാകരന്റെയും ജനന തീയതി ഒന്നായതിനാൽ നടപടിക്രമങ്ങൾ നിയന്ത്രിക്കാനുള്ള മുതിർന്ന പ്രതിനിധിയെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. മറ്റു അംഗങ്ങൾക്ക് ഹമീദ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കുടുത്തു. എൽ.ഡി.എഫ് നിരയിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ് - എസ് കക്ഷികളിലെ 47 അംഗങ്ങൾ ദൃഢപ്രതിജ്ഞ എടുക്കുകയായിരുന്നു. എൻ.സി.പി അംഗം എസ്.എം.തുഷാരയും വെള്ളിമാടുകുന്നിലെ എൽ.ഡി.എഫ് സ്വതന്ത്രൻ ടി.കെ.ചന്ദ്രനും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. നല്ലളം ഡിവിഷനിലെ എൽ.ഡി.എഫ് സ്വതന്ത്ര ടി. മൈമുനയും എൽ.ജെ.ഡി അംഗം എൻ.സി.മോയിൻകുട്ടിയും അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
യു.ഡി.എഫ് പക്ഷത്ത് കോൺഗ്രസിലെ എട്ടു പേർ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. വലിയങ്ങാടി കൗൺസിലർ എസ്.കെ. അബൂബക്കർ അള്ളാഹുവിന്റ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അഞ്ച് മുസ്ലിം ലീഗ് കൗൺസിലർമാരും ഒരു ലീഗ് സ്വതന്ത്രയും അള്ളാഹുവിന്റെ നാമത്തിലും രണ്ട് സ്വതന്ത്രർ ഈശ്വരനാമത്തിലും സത്യപ്രതിജ്ഞയെടുത്തു.
ഏഴു ബി.ജെ.പി കൗൺസലർമാരിൽ മൂന്നു പേർ അയ്യപ്പനാമത്തിലും നാലു പേർ ഈശ്വരനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചക്കോരത്തുകുളം കൗൺസിലർ അനുരാധ തായാട്ട് അയ്യപ്പനാമത്തിലും ഈസ്റ്റ്ഹിൽ കൗൺസിലർ എൻ.ശിവപ്രസാദും അത്താണിക്കലിലെ സി.എസ് സത്യഭാമയും ശ്രീധർമ്മശാസ്താവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.എൽ.എ മാരായ എ.പ്രദീപ്കുമാർ, ഇ.കെ.വിജയൻ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, മുൻ ഡെപ്യൂട്ടി മേയർ മീര ദർശക്, നമ്പിടി നാരായണൻ, കെ.സി. അബു, സി.പി.ഹമീദ്, സൂര്യനാരായണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
രാവിലെ 11. 30ന് ആരംഭിച്ച ചടങ്ങ് രണ്ടു മണിക്കൂറിൽ പൂർത്തിയായി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പങ്കെടുത്ത പ്രഥമ കൗൺസിൽ യോഗം പിന്നീട് എം.പി. ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിച്ചു. മേയർ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11 നും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് നിശ്ചിത മാതൃകയിലുള്ള നോട്ടീസ് നൽകി. ഓപ്പൺ ബാലറ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിൻവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി ഒരാൾ മാത്രമേയുള്ളൂവെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.