ബീന ഫിലിപ്പിനും നല്ല വരവേല്പ്
നിരാശ മറയ്ക്കാതെ യു.ഡി.എഫ്
ആവേശം ചോരാതെ ബി.ജെ.പി
കോഴിക്കോട്: ഗംഭീര വിജയത്തോടെ കോഴിക്കോട് കോർപ്പറേഷൻ ഭരണം നിലനിറുത്തിയ ഇടതുമുന്നണി കൗൺസിലർമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് ഉജ്ജ്വല സ്വീകരണം. ടാഗോർ സെന്റിനറി ഹാളിലേക്ക് നിറഞ്ഞ കൈയടിയോടെയാണ് ഇവരെ എൽ.ഡി.എഫ് പ്രവർത്തകർ വരവേറ്റത്.
കനത്ത നഷ്ടം നേരിട്ട യു.ഡി.എഫ് പക്ഷത്ത് കാര്യമായി നേതാക്കൾ ചടങ്ങിനെത്തിയില്ല. കൗൺസിലർമാരിലും നിരാശ പ്രകടമായിരുന്നു. സീറ്റുകൾ ഏഴിലൊതുങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ച വെച്ച ബി.ജെ.പി അംഗങ്ങളിൽ ആവേശം ഏറെയായിരുന്നു.
കോർപ്പറേഷനിലെ ഏറ്റവും വലിയ ഡിവിഷനായ കപ്പക്കലിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച സി.പി.എം ജില്ല കമ്മിറ്റി അംഗവും എൽ.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയുമായ സി.പി. മുസാഫർ അഹമ്മദിനാണ് മികച്ച വരവേല്പ് ലഭിച്ചത്. മേയർ സ്ഥാനാർത്ഥി ബീന ഫിലിപ്പിനും നല്ല സ്വീകരണമായിരുന്നു. ബേപ്പൂരിൽ ബി.ജെ.പിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത എൽ.ഡി.എഫിലെ എം. ഗിരിജ, തോട്ടുങ്ങൽ രജനി, കൊല്ലരത്ത് സുരേശൻ എന്നിവർ ശരിക്കും തിളങ്ങി.
അയ്യപ്പന്റെ പേരിലും ശ്രീധർമ്മശാസ്താവിന്റെ പേരിലും ബി.ജെ.പി അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലിയത് കൗതുകമായി. ചടങ്ങിന് എൽ.ഡി.എഫിന്റെ പ്രധാന നേതാക്കളെത്തിയപ്പോൾ മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവായിരുന്നു ചടങ്ങിൽ കോൺഗ്രസിന്റെ എടുത്തുപറയാവുന്ന സാന്നിദ്ധ്യം. ബി.ജെ.പി ജില്ലാ നേതാക്കൾ പങ്കെടുത്തില്ലെങ്കിലും പുതുതായി എത്തിയ കൗൺസിലർമാർക്ക് മാർഗനിർദ്ദേശങ്ങളുമായി കഴിഞ്ഞ കൗൺസിലിലെ ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നമ്പിടി നാരായണൻ സജീവമായി.
സത്യപ്രതിജ്ഞയ്ക്കു ശേഷം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന പ്രഥമ യോഗത്തിൽ എല്ലാ കൗൺസിലർമാരും പരിചയപ്പെട്ടു. ആദ്യമായി കൗൺസിലിലെത്തിയ അംഗങ്ങൾക്ക് പാർട്ടി വ്യത്യാസമില്ലാതെ പരിചയസമ്പന്നർ നിർദ്ദേശങ്ങൾ നൽകി. നവീകരിച്ച ഹാളിലെ ആദ്യയോഗം പൂർത്തിയാക്കി ഫോട്ടോ എടുത്തശേഷം രണ്ടു മണിയോടെ കൗൺസിലർമാർ മടങ്ങി.