കോഴിക്കോട്:നഗരത്തിൽ ഇലക്ട്രിക് ഓട്ടോകൾക്ക് പാർക്കിംഗ് സൗകര്യം അനുവദിച്ചതോടെ പ്രതിഷേധം ആളിക്കത്തിച്ച് ഓട്ടോ തൊഴിലാളികൾ. കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ പാർക്ക് ചെയ്ത് ഇലക്ട്രിക് ഓട്ടോകൾ ആളുകളെ കയറ്റിയതോടെ മറ്റ് ഓട്ടോ തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത് സംഘർത്തിൽ കലാശിച്ചു. തുടർന്ന് ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ്‌ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ മാർച്ചും മിന്നൽ പണിമുടക്കും നടത്തി. സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും സമരത്തിൽ നിന്ന് വിട്ടുനിന്നു.

കസബ പൊലീസ് സ്ഥലത്തെത്തി ഓട്ടോ തൊഴിലാളികളുമായി ചർച്ച നടത്തിയാണ് സംഘർഷത്തിന് അയവു വരുത്തിയത്. ബസ്‌ സ്റ്റാൻഡുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും ഇലക്ട്രിക് ഓട്ടോകൾ പാർക്ക് ചെയ്ത് സർവീസ് നടത്തുന്നത് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നും സ്റ്റാന്റിൽ നിർത്താൻ അനുവദിക്കില്ലെന്നും ഓട്ടോ തൊഴിലാളികൾ ചർച്ചയിൽ വ്യക്തമാക്കി. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് സർവീസ് നടത്തുന്നതെന്നും സ്റ്റാന്റിൽ സർവീസ് നടത്താൻ ഉത്തരവുണ്ടെന്നും ഇലക്ട്രിക് ഓട്ടോ തൊഴിലാളിലാളികളും നിലപാട് അറിയിച്ചതോടെ ചർച്ച വഴിമുട്ടി. തുടർന്ന് ഉച്ചവരെ സർവീസ് നിർത്തിവെയ്ക്കാൻ പെർമിറ്റുള്ള ഓട്ടോ തൊഴിലാളികൾ ആഹ്വാനം ചെയ്തു. സൗത്ത് അസി.കമ്മീഷണർ എ.ജെ.ബാബുവിന്റെ നേതൃത്വത്തിൽ ഉച്ചയോടെ നടന്ന ചർച്ചയിൽ നഗരത്തിൽ സിസി പെർമിറ്റുള്ള ഓട്ടോകളുടെ കണക്കുകൾ പരിശോധിച്ചുവരികയാണെന്നും ഈ മാസം മുപ്പതിനുശേഷം ഇലക്ട്രിക് ഓട്ടോകൾക്ക് സിസി നൽകുമെന്നും അറിയിച്ചു. പല ഓട്ടോകളുടെയും സി.സി പുതുക്കിയിട്ടില്ല. ചിലത് റദ്ദാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സി.സികൾ പുനഃക്രമീകരിച്ച് ഇലക്ട്രിക് ഓട്ടോകൾക്ക് നൽകും. സി.സിയുള്ള ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റ് അടിസ്ഥാനത്തിൽ നഗരത്തിൽ ഏത് സ്റ്റാൻഡിലും സർവീസ് നടത്താൻ അനുമതി നൽകുമെന്നും അറിയിച്ചതോടെയാണ് ഓട്ടോ തൊഴിലാളികൾ പണിമുടക്ക് പിൻവലിച്ചത്. സമരം നടത്തിയ തൊഴിലാളികൾ നഗരത്തിൽ രണ്ട് തവണ പ്രകടനം നടത്തി.