കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളിൽ വരണാധികാരികൾ മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളിൽ നടക്കും.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മുതിർന്ന അംഗമായ എൻ.സി.പ്രസാദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണസമിതിയുടെ പ്രഥമ യോഗം എൻ.സി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് അംഗങ്ങൾക്ക് കൈമാറി. എ.ഡി.എം കെ.അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വരണാധികാരിയായ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.രഞ്ജിത്ത് കുമാർ മുതിർന്ന അംഗമായ ജോസ് പാറപ്പുറത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.ടി.ഹരിലാൽ മുതിർന്ന അംഗമായ എം.എ. അസ്സൈനാറിനും, പനമരം ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണർ നൈസി റഹ്മാൻ മുതിർന്ന അംഗമായ അന്നക്കുട്ടി ഉണ്ണിക്കുന്നേലിനും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ സി.എം. വിജയലക്ഷ്മി മുതിർന്ന അംഗമായ പി. ചന്ദ്രനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ വരണാധികാരിയായ കോഓപ്പറേറ്റീസ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാർ എം. സജീർ മുതിർന്ന അംഗമായ സി.കെ.ശിവരാമനും, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ വരണാധികാരിയായ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബേസിൽ പോൾ മുതിർന്ന അഗമായ വത്സ ജോസിനും, മാനന്തവാടി മുനിസിപ്പാലിറ്റിയിൽ വരണാധികാരിയായ ബി.എസ്.പി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.എസ്. ഷീന മുതിർന്ന അംഗമായ മാർഗരറ്റ് തോമസിനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
(ചിത്രം)