മാനന്തവാടി: നാടിന് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി മാനന്തവാടിയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും ക്രിസ്മസ് ആഘോഷം നടത്തി. മാനന്തവാടി കൽപ്പറ്റ പൂക്കോട് വെറ്ററിനറി കോളേജ് ബോണ്ട് 2 സർവ്വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരും, യാത്രക്കാരുമാണ് ബസ്സിനുള്ളിൽ പുൽക്കൂടൊരുക്കിയും, കേക്കുമുറിച്ചും സമ്മാനങ്ങൾ കൈമാറിയും ആഘോഷം സംഘടിപ്പിച്ചത്.
ഈ ബസ്സിലെ യാത്രക്കാരും ജീവനക്കാരും രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത്.
കൊവിഡ് പശ്ചാത്തലത്തിലാണ് മൂന്ന് മാസം മുമ്പ് മാനന്തവാടിയിൽ നിന്ന് കൽപ്പറ്റയിലേക്ക് ബോണ്ട് സർവ്വീസ് ആരംഭിച്ചത്. സർക്കാർ ജീവനക്കാരെ ഉദ്ദേശിച്ചാണ് പ്രധാനമായും സർവ്വീസ് ആരംഭിച്ചതെങ്കിലും മറ്റ് യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ സർവ്വീസ്. സ്ഥിരമായ കണ്ടുമുട്ടലിലൂടെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വലിയ സൗഹൃദം ഉടലെടുത്തിരുന്നു.
ഇന്നലെ രാവിലെ തന്നെ ജീവനക്കാരും യാത്രക്കാരുമെത്തി ബസ് അലങ്കരിക്കുകയും പുൽക്കൂടൊരുക്കുകയും ചെയ്തു. ആഘോഷത്തിന് മാറ്റ് കൂട്ടാൻ പ്രത്യേക ഡ്രസ് കോഡും ഇവർ പാലിച്ചിരുന്നു.
രാവിലെ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോ സൂപ്രണ്ട് സുധീർ റാം പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് എല്ലാവരും ചേർന്ന് അദ്ദേഹത്തിന് ഉപഹാരം കൈമാറി.
കെ.എസ്.ആർ.ടി.സി ജീവനക്കാരായ അൻവർ സാദിഖ്, ഗിരീഷ്, ദിനേശൻ വിജയനാഥ്, പ്രസാദ്, ദീപക് എന്നിവരും, സ്ഥിരം യാത്രക്കാരും വിവിധ സർക്കാർ സ്ഥാപങ്ങളിലെ ജീവനക്കാരുമായ ജാസ്മിൻ, ആശാലക്ഷ്മി, വി.യു.ജോൺസൻ, ലീന, അജിത് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ.