രാമനാട്ടുകര / മുക്കം: രാമനാട്ടുകര നഗരസഭയിൽ വിജയിച്ച 31 പേരും കൗൺസിലർമാരായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാമനാട്ടുകര നെഹ്റു പാർക്കിലായിരുന്നു ചടങ്ങ് .
വരണാധികാരി ജയദീപ് തുവശ്ശേരി ആദ്യം മുതിർന്ന അംഗം ഫാറൂഖ് കോളേജ് ഡിവിഷൻ പ്രതിനിധി കോൺഗ്രസ്സിലെ അബ്ദുൽ ഹമീദിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അബ്ദുൽ ഹമീദ് മറ്റു അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു. പിന്നീട് ചേർന്ന കൗൺസിലിന്റെ പ്രഥമ യോഗത്തിൽ അബ്ദുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു.
ഫറോക്ക്: ഫറോക്ക് നഗരസഭയിലേക്കുള്ള കൗൺസിലർമാർ റോയൽ അലയൻസിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞയെടുത്തു. മുതിർന്ന അംഗം കള്ളിക്കൂടം ഡിവിഷൻ പ്രതിനിധി മാളിയേക്കൽ മുഹമ്മദിന് വരണാധികാരി അനിറ്റ എസ്ലിൻ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് മറ്റു 37 പേരെയും മാളിയേക്കൽ മുഹമ്മദ് സത്യപ്രതിജ്ഞ ചെയ്യിച്ചു.
മുക്കം: രാഷ്ടീയ അനിശ്ചിതത്വം നിലനിൽക്കുന്ന മുക്കം നഗരസഭ കൗൺസിലിൽ വിജയിച്ച ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ 33 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ജില്ല പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ മുതിർന്ന അംഗം എ.കല്യാണിക്കുട്ടിയ്ക്ക് ആദ്യം സത്യവാചകം ചൊല്ലികൊടുത്തു. തുടർന്ന് കല്യാണിക്കുട്ടി മറ്റുള്ള 32 അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒന്നാം ഡിവിഷനിൽ നിന്നുള്ള ഇ. സത്യനാരായണനാണ് ഈ നിരയിൽ ആദ്യം പ്രതിജ്ഞയെടുത്തത്. ഒടുവിലായി 33-ാം ഡിവിഷൻ പ്രതിനിധി കൃഷ്ണൻ വടക്കയിൽ സത്യപ്രതിജ്ഞ ചൊല്ലി. മുഴുവൻ അംഗങ്ങളെയും നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് റോസാപ്പൂ നൽകി വരവേൽക്കുകയായിരുന്നു.
കൊയിലാണ്ടി: നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. വരണാധികാരി പി.കെ.ഷാജി മുതിർന്ന അംഗം പി. രത്നവല്ലിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഒന്ന് മുതൽ നാല്പത്തിനാല് വരെ ഡിവിഷനുകളിലെ പ്രതിനിധികളെ രത്നവല്ലി സത്യപ്രതിജ്ഞ ചെയ്യിച്ചു. ചടങ്ങിൽ കെ.ദാസൻ എം.എൽ.എ, നഗരസഭ സെക്രട്ടറി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
പയ്യോളിയിൽ എം.കെ ബാലരാജൻ ചന്തു മാഷിനും കൊടുവള്ളിയിൽ വായോളി മുഹമ്മദ് മാസ്റ്ററും വടകരയിൽ കാനപ്പള്ളി ബാലകൃഷ്ണനും ആദ്യം സത്യവാചകം ചൊല്ലി.