മുക്കം: തിരുവമ്പാടി എം.എൽ.എ യുടെ നിരന്തര പരിശ്രമത്താൽ സംസ്ഥാന സർക്കാർ അംഗീകരിച്ച് അവതരിപ്പിച്ച സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ - കളളാടി - മേപ്പാടി തുരങ്കപാതയോട് തിരുവമ്പാടിക്കാർ മുഖം തിരിക്കുന്നോ ?.

വോട്ടിന്റെ കണക്കിൽ തുരങ്കപാത പ്രതിഫലിക്കാത്തതാണ് ഈ ചോദ്യമുയരാൻ കാരണം. പാത ആരംഭിക്കുന്ന തിരുവമ്പാടി പഞ്ചായത്തും അവസാനിക്കുന്ന വയനാട്ടിലെ മേപ്പാടി പഞ്ചായത്തും പാതയ്ക്കൊപ്പം നിന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. മേപ്പാടി, തിരുവമ്പാടി പഞ്ചായത്തുകൾ മാത്രമല്ല തിരുവമ്പാടിയുടെ അയൽപഞ്ചായത്തായ കോടഞ്ചേരിയും നിലയുറപ്പിച്ചത് യു.ഡി.എഫിനൊപ്പം. ഇതിൽ തിരുവമ്പാടി പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയാണുണ്ടായത്. ഈ പ്രദേശത്തുള്ള പഞ്ചായത്ത് വാർഡുകളും ഈ വാർഡുകളടങ്ങുന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും (ആനക്കാംപൊയിൽ) ജില്ലാ പഞ്ചായത്ത് ഡിവിഷനും (കോടഞ്ചേരി) യു.ഡി.എഫിനൊപ്പം നിന്നു.

മേപ്പാടി പഞ്ചായത്തിൽ 20 ൽ 16 വാർഡുകളിലും വിജയിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ഇക്കഴിഞ്ഞ ഒക്ടോബറിൽ തുരങ്കപാതയുടെ പ്രഖ്യാപനം മുഖ്യമന്ത്രി തന്നെ വീഡിയോ കോൺഫറൻസ് മുഖേന ആഘോഷപൂർവം നിർവഹിച്ചപ്പോൾ അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കരുതിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാതയ്ക്ക് ഏറെ ഊന്നൽ നൽകിയിരുന്നു. എന്നാൽ ഈ പാതയുടെ പ്രഖ്യാപനം തട്ടിപ്പാണെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയ്ക്ക് അപേക്ഷ നൽകുക പോലും ചെയ്തിട്ടില്ലെന്ന് യു ഡി എഫ് പ്രചരിപ്പിച്ചു. ഒന്നുകിൽ യു.ഡി.എഫിന്റെ ഈ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചു. അതല്ലെങ്കിൽ വികസനത്തിലുപരി രാഷ്ട്രീയത്തിന് പ്രാധാന്യം കൈവന്നു.